NewsWorld

കുല്‍ഭൂഷണ്‍ ജാദവ് കേസ്: ഇന്ത്യയുടെ ആവശ്യം ലോകകോടതി തള്ളിയെന്ന് പാകിസ്ഥാന്‍

ഇസ്‌ളാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ വരെ വൈകിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളിയെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു. കേസില്‍ സെപ്തംബര്‍ 13നകം മറുപടി അറിയിക്കാന്‍ ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടെന്നും നെതര്‍ലന്‍ഡ്‌സിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിനെ ഉദ്ധരിച്ചു കൊണ്ട് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് കോടതി പാകിസ്ഥാന് കത്തയച്ചതായും അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലി പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്‌തെത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നാണ് പാകിസ്ഥാന്റെ ആരോപണം. തുടര്‍ന്ന് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചു. എന്നാല്‍, ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ മേയ് എട്ടിന് ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു. മേയ് 18ന്, കേസില്‍ അന്തിമ വിധി വരുന്നത് വരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

2003 ല്‍ നാവികസേനയില്‍നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം നടത്തിവരികയായിരുന്നെന്നും അദ്ദേഹത്തെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടു പോയെന്നുമാണ് ഇന്ത്യയുടെ വാദം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close