KeralaNEWS

നടി ആക്രമിക്കപ്പെട്ട കേസ്, നാൾവഴികൾ; ദിലീപിന്റെ അറസ്റ്റ്

2017 ഫെബ്രുവരി മാസം 17ന്  അതിരാവിലെ തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് യുവനടി ആക്രമണത്തിന് ഇരയാകുന്നത്. നടി സഞ്ചരിച്ചിരുന്ന ടെംബോ ട്രാവലര്‍ ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ എന്ന ഡ്രൈവറായിരുന്നു.താരത്തിന്റെ വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു ആക്രണത്തിന്റെ ആദ്യ തുടക്കം.വാഹനം ഹൈജാക്ക് ചെയ്ത ശേഷം പള്‍സര്‍ സുനി എന്ന ആക്രമി നടിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.എറണാകുളം നഗരത്തിലൂടെ നടിയുമായി മണിക്കൂറുകള്‍ കാറില്‍ കറങ്ങുമ്ബോള്‍ പീഡനവും ഇതിനൊപ്പം തന്നെ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനും പ്രതികള്‍ ശ്രമിച്ചു. ‘ക്വട്ടേഷനാണ് ഞങ്ങളോട് സഹകരിക്കണം’ എന്നുമാത്രമാണ് ഒന്നാം പ്രതി പള്‍സര്‍ സുനി നടിയോട് അപ്പോൾ ആവശ്യപ്പെട്ടത്.

 

ആക്രമിച്ച ശേഷം നടിയെ വാഹനത്തിൽ പെരുവഴിയില്‍ തന്നെ ഉപേക്ഷിച്ച്‌  പ്രതികള്‍ ഓടി രക്ഷപ്പെട്ടതായിരുന്നു കേസിലെ ആദ്യത്തെ വഴിത്തിരുവ്.നടി ഇവിടെ നിന്നും നേരെ പോയത് സംവിധായകന്‍ ലാലിന്റെ വീട്ടിലേക്കാണ്. സ്ഥലം എം.എല്‍.എ കൂടി ഇടപെട്ടതോടെ സംഭവം പൊലീസ് സ്റ്റേഷനിലേക്ക് എത്തി. നടി രേഖാമൂലം തന്നെ പരാതി നല്‍കുകയും ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയായകുകയും ചെയ്യുന്നു.തുടർന്ന് ഉപേക്ഷിക്കപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ മാര്‍ട്ടിനെ ഫെബ്രുവരി 17ന് പകൽ തന്നെ പൊലീസ് അറസ്റ്റു ചെയ്യുന്നു.തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം ഓടിച്ചത് താനാണെന്ന് ചോദ്യം ചെയ്യലിൽ അയാൾ സമ്മതിക്കുകയും ചെയ്യുന്നു.

 

ഫെബ്രുവരി 19ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ പൊലീസിന് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു. വടിവാള്‍ സലിം, പ്രതീപ് എന്നിവരാണ് മാര്‍ട്ടിന് പിന്നാലെ അറസ്റ്റിലായത്.പിന്തുടര്‍ന്നുള്ള അറസ്റ്റില്‍ ഫെബ്രുവരി 20ന് തമ്മനം സ്വദേശിയായ മണികണ്ഠനും അറസ്റ്റിലാകുന്നു.

 

ഫെബ്രുവരി 23ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.കോടതിയില്‍ കീഴടങ്ങുന്ന വേളയിലാണ് പൊലീസിന്റെ നിര്‍ണായകമായ അറസ്റ്റ്.പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും അറസ്റ്റിലാകുന്നതോടെ ചോദ്യം ചെയ്യലില്‍ കൂടുതൽ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.ഫെബ്രുവരി 24ന് തങ്ങള്‍ക്ക് ലഭിച്ച ക്വട്ടേഷനാണ് ഇതെന്നും 50 ലക്ഷം പ്രതിഫലം ലഭിച്ചെന്നും പള്‍സര്‍ സുനി മൊഴി നല്‍കുന്നു.തൊട്ടടുത്ത ദിവസം ഫെബ്രുവരി മാസം 26ന് പൊലീസ് ക്ലബില്‍ നടത്തിയ തിരിച്ചറിയല്‍ പരിശോധനയില്‍ നടി ആക്രമികളെ തിരിച്ചറിയുന്നു.

 

2017 ജൂണ്‍ മാസത്തിലാണ് നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ദിലീപിന്റെ ആരോപണം.പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ഗോശ്രീ പാലത്തില്‍ കളഞ്ഞെന്നും ദൃശ്യങ്ങള്‍ കൈവശമില്ലെന്നുമായിരുന്നു അപ്പോഴും പൾസർ സുനി വെളിപ്പെടുത്തിയത്. എന്നാല്‍ സുനിയുടെ കൂടെയുള്ള പൊലീസുകാരനായ അനീഷിന്റെ ഫോണില്‍ നിന്ന് നടന് ഫോണ്‍ കോള്‍ എത്തിയതും സഹ തടവുകാരനായ വിപിന്‍ലാല്‍ പ്രതിക്ക് വേണ്ടി കത്തെഴുതിയതും കേസിൽ വഴിത്തിരുവാകുന്നു.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റേയും സംവിധായകന്‍ നാദിര്‍ഷായുടേയും മൊഴിയെടുത്തുക്കുന്നത് ജൂലൈ 10നാണ്. 13 മണിക്കൂറോളമാണ് കേസ് അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്തത്. തുടര്‍ന്ന് ജൂലൈ 10ന് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് നിഗമനത്തിലെത്തിയത്. ഗള്‍ഫില്‍ നടന്ന താരസംഘടനയുടെ പരിപാടിയില്‍ കാവ്യയുമൊത്ത് നൃത്തം ചെയ്യുന്ന ദിലീപിന്റെ ദൃശ്യങ്ങള്‍ ആദ്യഭാര്യയായ മഞ്ജുവിന് അയച്ച്‌ നല്‍കിയതാണ് വ്യക്തി വൈരാഗ്യത്തിലേക്ക് നീങ്ങിയതെന്നും പരാതിക്കാരിയായ നടിയും പൊലീസിന് മൊഴി നല്‍കിയിരുന്നു.

 

തുടർന്ന് ജൂലൈ 12ന് ദിലീപിനെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.ജൂലായ് 15ന് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി തള്ളുന്നതോടെ ജൂലൈ 24ന് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നു.ജൂലായ് 25 ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയും തള്ളുന്നു.

 

2020 ജനുവരി 1ന് നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ കോടതി വിചാരണ തുടങ്ങുന്നു. 8ാം പ്രതിയായ ദിലീപ് ഉള്‍പ്പടെ 10 പ്രതികളും കോടതിയില്‍ ഹാജരാകുന്നു. പ്രതികള്‍ക്കായി ഹാജരായ 30 അഭിഭാഷകരില്‍ 19 പേരും നടന്‍ ദിലീപിനായി ഹാജരായവര്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.ഇവിടെ 359 പേരുടെ സാക്ഷിപ്പട്ടികയില്‍ 136 സാക്ഷികളെ ആദ്യഘട്ടത്തില്‍ വിസ്തരിച്ചു. സിദ്ധിഖും രമ്യാ നമ്ബീശനും മൊഴിമാറ്റിയത് ഈ ഘട്ടത്തില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങാന്‍ കാരണമായി. ഇതോടൊപ്പം സിനിമാ മേഖലയിലെ ചില സാക്ഷികള്‍ കേസില്‍ കൂറുമാറിയതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

 

നടിമാരായ ഭാമ, ബിന്ദു പണിക്കര്‍, നടന്‍ ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ മൊഴി മാറ്റി പറഞ്ഞത്.ഇതിനിടയിൽ കേസിലെ പ്രോസിക്യൂട്ടര്‍ രാജിവച്ചു.നടി ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ തനിക്ക് ഓഫര്‍ വന്നെന്ന് ആരോപിച്ച്‌ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിണ്‍സണ്‍ ഈസമയം രംഗത്തെത്തുന്നു. 5 സെന്റ് വസ്തുവും 25ലക്ഷം രൂപയുമാണ് പ്രതിഫലം പറഞ്ഞതെന്നും ജിണ്‍സണ്‍  മൊഴില്‍കുന്നു.ജാമ്യത്തിലിറങ്ങിയ കേസിലെ മറ്റൊരു പ്രതി വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി വഴി ശ്രമിച്ചെന്നും ആരോപണം ഇതിനിടയ്ക്ക് ഉയര്‍ന്നിരുന്നു.

 

വർഷങ്ങൾക്കു ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപ് കേസിന്റെ ഉള്ളറകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയതോടെ കേസ് ഇപ്പോൾ മറ്റൊരു തലത്തിലെത്തി നിൽക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്നുമായിരുന്നു ബാലചന്ദ്ര കുമാര്‍ അവകാശപ്പെട്ടത്. സംവിധായകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി ഫോണ്‍ അടക്കം പിടിച്ചെടുത്തു.കൂട്ടത്തിൽ ആലുവയിലെ സൂര്യ ഹോട്ടൽ ഉടമയായ ശരത് എന്ന ‘വിഐപിയേയും’ പോലീസ് തിരിച്ചറിഞ്ഞു.ദിലീപിന്റെ ബിനാമിയും ഗൂഡാലോചനയിൽ പങ്കാളിയുമായിരുന്നു ‘വിഐപി’ എന്നറിയപ്പെട്ടിരുന്ന ഇയാൾ.

 

ദിലീപിന്റെ ആലുവയിലെ വീട്ടിൽ  മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനയ്ക്ക് ഒടുവില്‍ ദിലീപിന് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.തുടർന്ന് മുഖ്യ ആസൂത്രികന്‍ ദിലീപ് ആണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.തെളിവായി  കൊച്ചിയിലെ ഒരു ക്വട്ടേഷന്‍ സംഘത്തെ ദിലീപ് സമീപിച്ചതിന്റെ ഫോണ്‍ ശബ്ദ രേഖയാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയത്. തന്റെ മേല്‍ കൈവച്ച അന്വേഷണ ഉദ്യോഗസ്ഥനായ സുദര്‍ശനനെയും ഡിവൈഎസ്പി ബിജു പൗലോസിനെയും അപായപ്പെടുത്താന്‍ ഗുണ്ടാ സംഘത്തിന് കൊട്ടേഷന്‍ നല്‍കുന്ന ഫോണ്‍ സന്ദേശമായിരുന്നു ഇത്.ഈ സന്ദേശം കോടതിക്ക് ലഭിച്ചതോടെയാണ് കോടതി അസ്വസ്ഥപ്പെടുത്തുന്ന തെളിവുകള്‍ (disturbing evedence) ലഭിച്ചുവെന്ന് നിരീക്ഷിച്ചത്.

 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത് അതീവ ഗൗരവതരമായ വെളിപ്പെടുത്തലെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. കേസില്‍ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അന്വേഷണം സുഗമമായി നടക്കണമെന്നും പിന്നീട് കോടതി വ്യക്തമാക്കി.

 

ഇതേത്തുടർന്നാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍
ദിലീപും മറ്റ് പ്രതികളും അടുത്ത 3 ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്.വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.ഇതോടെ അടുത്ത ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.ഇന്ന്(ഞായറാഴ്ച്ച) മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.

Back to top button
error: