KeralaNEWS

വിഷുവിനുള്ള കണിവെള്ളരി ഇപ്പോഴെ കൃഷി ചെയ്യാം

വെള്ളരി നമ്മുടെ ശരീരത്തിന് തണുപ്പേകാനും മലബന്ധം അകറ്റാനും മഞ്ഞപ്പിത്തം തടയാനും സഹായിക്കും

വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട് വെള്ളരിക്ക്.രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന്ന അപൂര്‍വയിനം പച്ചക്കറികളില്‍ ഒന്നുമാണ് ഇത്.വിഷുക്കണിക്കായി ഫെബ്രുവരി ആദ്യ വാരമെങ്കിലും കൃഷിയിറക്കണം.ഒരു സെന്‍റ് കൃഷിക്ക് 3 ഗ്രാം വിത്തെങ്കിലും വേണ്ടിവരും.വരികള്‍ തമ്മില്‍ 2 മീറ്ററും തടങ്ങള്‍ തമ്മില്‍ 1.5 മീറ്ററും അകലം നല്‍കണം.60 സെ.മി വ്യാസവും,45 സെ.മി ആഴവുമുള്ള തടങ്ങള്‍ ഉണ്ടാക്കി അതില്‍ ചവറിട്ട് കത്തിക്കണം.അടിവളമായി തടമൊന്നിന് 10 കിലോഗ്രാം ചാണകപ്പൊടിയും 1 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും മേല്‍ മണ്ണും ചേര്‍ത്ത് ഒരു തടത്തില്‍ 5 വീതം വിത്ത് നടാവുന്നതാണ്.

വിത്തുകള്‍ മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ പിഴുത് മാറ്റണം.തുടര്‍ന്ന് വള്ളി വീശുബോളും പൂവിടുന്ന സമയത്തും പച്ച ചാണകവും കടലപ്പിണ്ണാക്ക് പുളിപ്പിച്ചതും ഒഴിച്ച് കൊടുക്കുന്നത് കൂടുതല്‍ പൂക്കളും കായ് കളും ഉണ്ടാകാന്‍ ഇത് ഉപകരിക്കും.മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുകയും വേണം.പൂവിടാന്‍ തുടങ്ങുമ്പോള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്‌ക്കേണ്ടതാണ്. വെള്ളരി വള്ളി വീശിപടരുവാന്‍ തുടങ്ങിയാല്‍ പുതയിടുന്നത് പൂക്കളും കായ്കളും വാടിപ്പോകുന്നത് തടയാൻ സാധിക്കും.
വെള്ളരി വര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന കായീച്ചക്കെതിരെ ജൈവരീതിയില്‍ കെണികളൊരുക്കി നശിപ്പിക്കാം.ഇലകളില്‍ കാണുന്ന നരപ്പ് രോഗത്തിനെതിരെ സുഡോമോണാസ് സ്‌പ്രേ ചെയ്യാം.വെള്ളരി നമ്മുടെ ശരീരത്തിന് തണുപ്പേകാനും മലബന്ധം അകറ്റാനും മഞ്ഞപ്പിത്തം തടയാനും സഹായിക്കും.അതിലുപരി സ്വർണ്ണ വെള്ളരി കണികാണുന്നത് ഒരു ഭാഗ്യം തന്നെ.

Back to top button
error: