KeralaNews

വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മദ്യപിച്ച് ലക്കു കെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥന്റെ നടപടിയില്‍ വീഴ്ചയുണ്ടെങ്കിലും ഇതിനുള്ള ശിക്ഷ പിരിച്ചു വിടലല്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് കമ്പനിയുടെ ഉന്നത സമതി വിഷയം പരിശോധിച്ച് തെറ്റിന് ആനുപാതികമായ ശിക്ഷ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

വിമാനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെതിരെ എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി എം.ജി വേണു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വിനോദത്തിനും പരിശീലനത്തിനുമായി അനുവദിച്ച യാത്രയ്ക്കിടെ വേണുവിനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയ സംഭവം കമ്പനിയുടെ യശസിനു കളങ്കമായെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് അധികൃതര്‍ നടപടിയെടുത്തത്. എന്നാല്‍ കൊളംബോയിലേക്കുള്ള യാത്ര ജോലിയുടെ ഭാഗമായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താതെ എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഏകപക്ഷീയമായി നടപടിയെടുത്തെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്കായി നടത്തിയ മത്സരത്തിലാണ് വിദേശയാത്രയ്ക്ക് വേണു അര്‍ഹനായത്. 2013 നവംബര്‍ 23 ന് കൊളംബോയിലേക്ക് പോകാനായി ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ കയറിയ വേണു അമിതമായി മദ്യപിച്ചത് ചൂണ്ടിക്കാട്ടി എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കുകയായിരുന്നു. ഈ സംഭവത്തില്‍ 2014 മാര്‍ച്ച് പത്തിന് വേണുവിനോട് വിശദീകരണം തേടിയ കമ്പനി 2014 ഏപ്രില്‍ 15 ന് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവു നല്‍കി. ഇതിനെതിരെ ഉന്നത സമിതിയായ മാനേജിംഗ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഉത്തരവില്‍ മാറ്റമുണ്ടായില്ല. പിന്നീട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു.

തന്റെ വാദം കേള്‍ക്കാതെയും അന്വേഷണം നടത്താതെയുമാണ് നടപടിയെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിഷയം പുന: പരിശോധിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ മാനേജിംഗ് ഡയറക്ടര്‍ പുറത്താക്കല്‍ ഉത്തരവ് ശരിവച്ചു. ഇതിനെതിരെയാണ് വേണു വീണ്ടും ഹൈക്കോടതിയിലെത്തിയത്. വിനോദയാത്രയ്‌ക്കൊപ്പം പരിശീലന പരിപാടി കൂടി ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ ഔദ്യോഗിക യാത്രയായി ഇതിനെ കണക്കാക്കാമെന്നും ഡ്യൂട്ടിക്കിടെ മദ്യപിച്ചത് പെരുമാറ്റ ദൂഷ്യമാണെന്നും കമ്പനി അധികൃതര്‍ വാദിച്ചു.

എന്നാല്‍ ഇതൊരു ഔദ്യോഗിക യാത്രയായിരുന്നില്ലെന്നും താന്‍ ഡ്യൂട്ടിയിലിരിക്കെയല്ല മദ്യപിച്ചതെന്നും വേണു വാദിച്ചു. വേണു മദ്യപിച്ചത് ഡ്യൂട്ടിയിലിരിക്കെയല്ലെന്നും ഡ്യൂട്ടിയില്‍ കയറാന്‍ പോകുന്ന വഴിക്കാണെന്നും ഹൈക്കോടതി വിലയിരുത്തി. വേണുവിന്റെ പ്രവൃത്തി കമ്പനിക്ക് മാനക്കേട് ഉണ്ടാക്കിയെന്ന ആരോപണം സംശയകരമാണ്. വേണുവിന് ഒരവസരം കൂടി നല്‍കാം. തെറ്റെന്താണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടാകും. മദ്യത്തിന് അടിമയാകുന്നത് തൊഴിലും നഷ്ടപ്പെടുത്തും. വേണുവിന് കുറ്റത്തിനനുസരിച്ചുള്ള ശിക്ഷയല്ല നല്‍കിയത്. ശിക്ഷയില്‍ മാറ്റം വേണം. ഇതിനായി പിരിച്ചു വിടല്‍ ഉത്തരവ് റദ്ദാക്കുകയാണ്. കമ്പനി വിഷയം വീണ്ടും പരിശോധിച്ച് ഉചിതമായ ശിക്ഷ നല്‍കണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close