IndiaLead NewsNEWS

4 ദിന കേരള സന്ദർശനത്തിനായെത്തി; രാഷ്ട്രപതിക്ക്‌ ഊഷ്മള വരവേൽപ്

കണ്ണൂര്‍: 4 ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഊഷ്മള വരവേൽപ്. ഉച്ചയ്ക്ക് 12.35 ഓടെ മട്ടന്നൂരിലാണ് വ്യോമസേനാ വിമാനത്തില്‍ ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്കൊപ്പം രാഷ്ട്രപതി എത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഇന്ത്യൻ നാവിക അക്കാദമി റിയർ അഡ്മിറൽ എ.എൻ.പ്രമോദ്, ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി.മിനി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു

തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചു. ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും.

ബുധനാഴ്ച രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. വ്യാഴാഴ്ച രാവിലെ 10.20ന് കൊച്ചിയില്‍ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30ന് പൂജപ്പുരയില്‍ പി.എന്‍.പണിക്കരുടെ വെങ്കല പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ രാജ്ഭവനില്‍നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50ന് അവിടെനിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.

Back to top button
error: