KeralaNEWS

സാന്താക്ലോസ്

ലവർണത്തിലും രൂപത്തിലും നക്ഷത്രവിളക്കുകൾ വിൽപ്പനയ്ക്കായി തൂക്കിയിട്ടിരിക്കുന്ന ആ തെരുവിലെ കടകളിലെല്ലാം അവൻ കയറിയിറങ്ങിക്കൊണ്ടേയിരുന്നു.എട്ടോ ഒൻപതോ വയസ്സുള്ള ഒരു ബാലനായിരുന്നു അത്.
“ഇല്ല,ഈ കാശിന് നക്ഷത്രവിളക്കുകൾ കിട്ടുകയില്ല.”
കടക്കാരുടെ എല്ലാം മറുപടി ഒന്നുതന്നെയായിരുന്നു.
അവന് കരച്ചിൽ വരുന്നുണ്ടായിരുന്നു.നക്ഷത്രവിളക്ക് വാങ്ങാൻ കഴിയാത്തതിനേക്കാളേറെ തന്റെ അമ്മയുടെ കാര്യമോർത്തിട്ടായിരുന്നു അവനു സങ്കടം.
അമ്മയും ഒരു കുഞ്ഞനുജത്തിയും മാത്രം അടങ്ങുന്നതായിരുന്നു അവന്റെ കുടുംബം.അപ്പൻ നേരത്തെ മരിച്ചുപോയതാണ്.അമ്മ കൂലിപ്പണിക്ക് പോയിട്ടായിരുന്നു അവന്റെ ആ കുഞ്ഞുകുടുംബം കഴിഞ്ഞിരുന്നത്.പക്ഷേ രാവോളം അദ്ധാനിച്ചിട്ടും ആഹാരത്തിനുള്ള വകയല്ലാതെ ഒന്നും സമ്പാദിക്കാൻ അവരെക്കൊണ്ട് കഴിഞ്ഞിരുന്നില്ല.അങ്ങനെയിരിക്കെയാണ് മഞ്ഞണിഞ്ഞ രാത്രികളിൽ നക്ഷത്രവിളക്കുകൾ തെളിയിച്ചുകൊണ്ട് ക്രിസ്തുമസ് വീണ്ടും വന്നത്.ചുറ്റുവട്ടത്തുള്ളവരെപ്പോലെ തന്റെ വീട്ടിലും നക്ഷത്രവിളക്ക് തൂക്കുവാൻ അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു.അവൻ തന്റെ ആഗ്രഹം അമ്മയോട് പറഞ്ഞപ്പോൾ സാന്താക്ലോസ് കൊണ്ടുവന്നു തരുമെന്നുപറഞ്ഞ് അവനെ ആശ്വസിപ്പിക്കാനെ ആ അമ്മയ്ക്കായുള്ളൂ.
അവന് സാന്താക്ലോസിനെ അറിയാമായിരുന്നു.ക്രിസ്തുമസ് കാർഡുകളിലും മറ്റും അവൻ കണ്ടിട്ടുണ്ട്-ചുവന്ന കുപ്പായവും തൊപ്പിയും അണിഞ്ഞ വെളുത്ത പഞ്ഞിപോലത്തെ താടിയുള്ള ഒരു മനുഷ്യൻ.ക്രിസ്തുമസിന് എന്തെങ്കിലുമൊക്കെ സമ്മാനങ്ങളുമായി സാന്താക്ലോസ് വരുമെന്ന് എല്ലാകുട്ടികളെയുംപോലെ അവനും വിശ്വസിച്ചിരുന്നു.
എന്നാൽ അവന്റെ കുഞ്ഞുമനസ്സിന്റെ ആഗ്രഹവും നൊമ്പരവും മനസ്സിലാക്കിയ ആ അമ്മ തന്റെ കൈവശമുണ്ടായിരുന്ന സമ്പാദ്യമത്രയും നുള്ളിപ്പെറുക്കിയെടുത്ത് അവനു നൽകുകയായിരുന്നു പിന്നീട്.
“ഇതിനു കിട്ടുമെങ്കിൽ വാങ്ങിക്കോ മോനേ..”
പറയുമ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു.
അമ്മയുടെ കാര്യമോർത്തപ്പോൾ അവനു പിന്നെയും കരച്ചിൽ വന്നു.ഇതിനകം ഓരോ കടയിലും കയറിയിറങ്ങി അവൻ ആ തെരുവ് അവസാനിക്കുന്നിടത്ത് എത്തിയിരുന്നു.അപ്പോഴായിരുന്നു അവൻ ആ കാഴ്ച കണ്ടത്.
മനോഹരങ്ങളായ നിരവധി നക്ഷത്രവിളക്കുകളാലും വർണ്ണബൾബുകളാലുമൊക്കെ അലങ്കരിച്ചിരിക്കുന്ന ഒരു പടുകൂറ്റൻ ഇരുനില വീട്! വീടിന്റെ മുമ്പിൽ ഉണ്ടാക്കി നാട്ടിയിരിക്കുന്ന ക്രിസ്തുമസ് ട്രീയിലും ധാരാളം നക്ഷത്രവിളക്കുകൾ തൂക്കിയിട്ടിട്ടുണ്ടായിരുന്നു.ഓടിച്ചെന്ന്
അതേലൊരെണ്ണം അഴിച്ചെടുത്താലോന്ന് അവൻ ഒരുനിമിഷം ആലോചിക്കാതിരുന്നില്ല.പക്ഷേ അടുത്ത നിമിഷം അവൻ തന്റെ മനസ്സിനെ തിരുത്തി.
വേണ്ട, മോഷണം പാപമാണ്.പാപത്തിന്റെ ശമ്പളം മരണവും..!
പെട്ടെന്നായിരുന്നു ഒരു അലർച്ച അവിടെ മുഴങ്ങിയത്.അവൻ നടുങ്ങിപ്പോയി.കൈയ്യിലൊരു വടിയുമായി പ്രായം ചെന്ന ഒരാൾ തന്റെ നേരെ പാഞ്ഞടുക്കുന്നത് അവൻ കണ്ടു.പേടിച്ചുവിറച്ച അവൻ തിരിഞ്ഞോടാൻ ഭാവിച്ചതും വേറൊരു കരം അവനെ ചേർത്തുപിടിച്ചതും ഒരുമിച്ചായിരുന്നു.
 നടുക്കത്തോടെ വീണ്ടും അവൻ  മുഖമുയർത്തി.നീണ്ടുവളർന്ന,നരച്ച താടിമീശയും മുടിയുമുള്ള ഒരു മെലിഞ്ഞ മനുഷ്യൻ.മുഷിഞ്ഞ വസ്ത്രങ്ങൾ..!
അവന്റെ സങ്കടം കണ്ട് കാര്യം അന്വേഷിച്ച അയാളോട് അവൻ ഉള്ളു തുറന്നു.പിന്നെ ഏങ്ങലടിച്ചു കരച്ചിലുമായി.
“വാ..”
വടിയുമായി പാഞ്ഞുവന്ന് തന്റെ വീടിന്റെ ഗേറ്റിങ്കൽ നിന്നിരുന്ന ആ  മനുഷ്യന്റെ നേർക്ക് കത്തുന്ന മിഴികളോടെ ഒന്നു നോക്കിയിട്ട് അവനെയും ചേർത്തുപിടിച്ചുകൊണ്ട് അയാൾ മെല്ലെ നടക്കാൻ തുടങ്ങി.നടക്കുന്നതിനിടയിൽ അയാൾ അവനോട് ഓരോരോ കാര്യങ്ങൾ ചോദിച്ചറിയുന്നുമുണ്ടായിരുന്നു.അവസാനം അയാൾ അവനെയും കൊണ്ട് കയറിച്ചെന്നത് നക്ഷത്രവിളക്കുകൾ വിൽക്കുന്ന ഒരു കടയിലേക്കുതന്നെയായിരുന്നു.ഉടുത്തിരുന്ന മുഷിഞ്ഞ മുണ്ടിന്റെ മടിക്കുത്തഴിച്ചശേഷം അയാളത് ആ കടക്കാരന്റെ മുമ്പിലെ മേശപ്പുറത്തേക്ക് കുടഞ്ഞിട്ടു.കുറെയേറെ മുഷിഞ്ഞ നോട്ടുകളും നാണയത്തുട്ടുകളും ആ മേശപ്പുറത്തേക്ക് ചിതറിവീണു.അമ്പരപ്പോടെ കടക്കാരൻ മുഖമുയർത്തി അയാളുടെ നേർക്കു നോക്കി.
“എണ്ണിനോക്കിയിട്ട് അതിനു കിട്ടാവുന്ന നക്ഷത്രവിളക്കേൽ ഒരെണ്ണം ഈ ബാലന് കൊടുക്ക്…!”
ആജ്ഞാസ്വരമായിരുന്നു അയാൾക്ക്.
അവനാകട്ടെ അയാളുടെ മുഖത്തേക്കുതന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു.അയാൾ അവനെ നോക്കി കണ്ണിറുക്കി ഒന്നു ചിരിച്ചു.
“അപ്പൂപ്പൻ സാന്താക്ലോസാ…?”
മടിച്ചുമടിച്ചാണ് അവൻ ചോദിച്ചത്.
അതുകേട്ട് അയാൾ വീണ്ടും ചിരിച്ചു.
“ങാ.. സാന്താക്ലോസ്..!”
അവൻ ഉദ്ദേശിച്ചതിലും നല്ലൊരു നക്ഷത്രവിളക്കാണ് കടക്കാരൻ എടുത്തുകൊടുത്തത്.അവന്റെ കണ്ണുകളിലേക്ക് ഒരീർപ്പം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.അതും കൈയ്യിൽ പിടിച്ച് തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അയാൾ റോഡിലേക്ക് ഇറങ്ങി നടന്നുമറഞ്ഞത് അവനറിഞ്ഞില്ല.
അന്നുരാത്രി അവൻ ഉറങ്ങിയില്ല.എഴുന്നേറ്റ് പലപ്രാവശ്യം നോക്കി.ഉവ്വ്,പവിത്രമായ പിറവിയുടെ അടയാളംപോലെ ഉമ്മറക്കഴുക്കോലിൽ അതു തെളിഞ്ഞുകത്തുന്നത് അവന് കാണാമായിരുന്നു.
അന്ന് രാത്രിയിൽ മറ്റൊരാളും ഉറങ്ങാതെ കിടക്കുന്നുണ്ടായിരുന്നു.മഞ്ഞിൽക്കുളിച്ച് ആളനക്കമില്ലാതെ കിടന്നിരുന്ന ആ തെരുവിലെ ഒരു പീടികത്തിണ്ണയിൽ ഒഴിഞ്ഞ വയറും നക്ഷത്രഖചിതവാനത്തെ പുതപ്പുമാക്കി, മുഷിഞ്ഞ വസ്ത്രങ്ങളുഠ നരച്ച താടിയുമുള്ള ഒരാൾ! അയാളുടെ നെറ്റിയിലെ നിസ്കാരത്തഴമ്പ് അപ്പോൾ മറ്റൊരു ദിവ്യനക്ഷത്രം പോലെ തെളിഞ്ഞും കാണാമായിരുന്നു.

Back to top button
error: