KeralaLife

മദ്യം മയക്കുമരുന്ന്‌ വിൽപന, കേസുകളുടെ എണ്ണം കൂടുന്നു;ഒമ്പത്‌ മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത്‌ 23,475 കേസുകൾ

ലഹരിവസ്തുക്കളുടെ അനധികൃത ഉൽപാദനവും വിപണനവും തടയുന്നതിന്റെ ഭാഗമായി അധികൃതർ നടത്തിയ ശക്തമായ നടപടികളുടെ ഫലമായി സംസ്ഥാനത്ത്‌ കഴിഞ്ഞ ഒമ്പത്‌ മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത്‌ 23,475 കേസുകൾ.മദ്യവും മയക്കുമരുന്നും വിറ്റഴിച്ചതിനും കൈവശം വെച്ചതിനും അബ്കാരി നിയമപ്രകാരം 2016 മെയ്‌ 25 മുതൽ 2017 ഫെബ്രുവരി വരെ 20521 കേസുകളും എൻ ഡി പി എസ്‌ നിയമപ്രകാരം 2954 കേസുകളുമാണ്‌ എക്സൈസ്‌ വകുപ്പ്‌ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. 48568 കോട്പ(സിഗരറ്റ്‌ ആന്റ്‌ അതർ ടുബാക്കോ പ്രൊഡക്ട്സ്‌ ആക്ട്‌) കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഇതിൽ അബ്കാരി കേസുകൾ ഏറ്റവും കൂടുതലുള്ളത്‌ ആലപ്പുഴ ജില്ലയിലും (2533), എൻ ഡി പി എസ്‌ കേസുകൾ കൂടുതലുള്ളത്‌ കൊല്ലം ജില്ലയിലുമാണ്‌(385).ഈ കാലയളവിൽ 1318520 പാക്കറ്റ്‌ ഹാൻസ്‌ പാൻപരാഗ്‌, സിഗരറ്റ്‌, ബീഡി തുടങ്ങിയവ അടക്കമുള്ള പുകയില ഉൽപന്നങ്ങളും എക്സൈസ്‌ വകുപ്പ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. 667.945കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്‌.

 

ഒരു വശത്ത്‌ ലഹരിവിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനായി സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി പദ്ധതി നടപ്പിലാക്കുകയും അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ മറുവശത്ത്‌ വിദ്യാർഥികളുൾപ്പെടെയുള്ളവരിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമായി വർധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകളാണ്‌ ബന്ധപ്പെട്ടവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ്‌ വാര ചുറ്റളവിനുള്ളിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ചും ബോധവൽക്കരണം നടത്തിയും അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമ്പോഴും വിദ്യാർഥികളിൽ ലഹരി ഉൽപന്നങ്ങളുടെ ഉപയോഗത്തിന്‌ കുറവ്‌ സംഭവിച്ചിട്ടില്ലെന്നതാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. മുമ്പ്‌ സിഗരറ്റും പാൻപരാഗ്‌ ഉൽപന്നങ്ങളുമാണ്‌ വിദ്യാർഥികൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന്‌ ജീവൻരക്ഷാമരുന്നുകൾ വരെ ലഹരിക്ക്‌ വേണ്ടി വ്യാപകമായി ഉപയോഗിക്കുകയാണ്‌.

 

ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ്‌ അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ സംസ്ഥാനത്തേക്ക്‌ കടത്തികൊണ്ടുവരുന്നത്‌ തടയാനായി എക്സൈസ്‌ ചെക്ക്‌ പോസ്റ്റുകളുടെ പ്രവർത്തനവും അതിർത്തി പ്രദേശങ്ങളിൽ ബോർഡർ പട്രോളിങ്ങ്‌ യൂണിറ്റുകളുടെ പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്‌. നവീന സമൂഹമാധ്യമങ്ങളിലൂടെ എക്സൈസ്‌ കമ്മിഷണറുമായി പൊതുജനങ്ങൾക്ക്‌ ബന്ധപ്പെടുന്നതിന്‌ 9447178000 എന്ന ഔദ്യോഗിക മൊബെയിൽ ഫോൺ നമ്പരും ലഹരിമുക്തി പദ്ധതി പ്രകാരം 9061178000 എന്ന നമ്പറിൽ സൗജന്യ വാട്സ്‌അപ്പ്ലൈനും ലഭ്യമാക്കിയിട്ടുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close