NEWS

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ മറവിൽ വ്യാപക തട്ടിപ്പ്, കണ്ണൂര്‍കാരൻ റിട്ട.ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തണം എന്നീ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയാണ് ചെയ്യുന്നത്

തിരുവനന്തപുരം: വൈദ്യുതി ബില്ലടക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. നിരവധി ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കെ.എസ്.ഇ.ബി, പൊലീസ് ഹൈടെക് സെല്ലില്‍ പരാതി നല്‍കി. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പും നൽകി.

എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തണം ഇത്തരത്തിലുള്ള മൊബൈൽ സന്ദേശങ്ങളണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് തട്ടിപ്പുകാർക്കുള്ളത്.

കണ്ണൂര്‍ സ്വദേശിയായ റിട്ട.ബാങ്ക് മാനേജര്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ഉപഭോക്താക്കളുടെ താൽപര്യംസംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡിലുള്ള സംഘമാണ് കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ പണം തട്ടുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വ്യാജ സന്ദേശങ്ങളോട് ഉപഭോക്താക്കള്‍ യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് കെ.എസ്.ഇ.ബി നിർദ്ദേശിക്കുന്നു.

കെ.എസ്.ഇ.ബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ. wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനോ പ്രയോജനപ്പെടുത്തണം. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പരിലോ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആവശ്യപ്പെട്ടു.

Back to top button
error: