KeralaNEWS

ഉപ്പായി മാപ്ല ഔട്ട് !

ബോബനും മോളിക്കും നല്ലൊരു കൂട്ടാവുമല്ലോ എന്നു കരുതിയാണ് കാർട്ടൂണിസ്റ്റ് റ്റോംസ് ഉപ്പായി മാപ്ല എന്ന കഥാപാത്രത്തെ തന്റെ കാർട്ടൂൺ പരമ്പരയിൽ അവതരിപ്പിച്ചു തുടങ്ങിയത്. പക്ഷേ അധികനാൾ കഴിയുന്നതിനു മുമ്പേ ഉപ്പായി മാപ്ലയെ ‘ബോബനും മോളിയും’ എന്ന കാർട്ടൂൺ പരമ്പരയിൽ നിന്ന് അദ്ദേഹത്തിന് ഒഴിവാക്കേണ്ടി വന്നു. ഒടുവിൽ ആ കഥാപാത്രത്തെ മറ്റൊരു പ്രസിദ്ധീകരണത്തിന് വിട്ടുകൊടുക്കേണ്ട അവസ്ഥയും വന്നുചേർന്നു. ആ കഥ റ്റോംസ് വിവരിക്കുന്നത് ഇങ്ങനെ:

 

“ഉപ്പായി മാപ്ല എന്റെ ഗ്രാമത്തിൽ ഞാൻ ചെറുപ്പം മുതൽ കാണുന്ന ഒരു ചെറുകർഷകനാണ്. ആരോടും അധികം സംസാരിക്കില്ല. ആർക്കും ഒരുപദ്രവവും ഉപകാരവും ചെയ്തതായി കേട്ടിട്ടില്ല. സദാസമയവും കൈയുംകെട്ടി മുറ്റത്തുകൂടി തെക്കുവടക്കു നടപ്പാണ് പ്രധാന ജോലി. വീടിന്റെ പരിസരത്തിനപ്പുറം അദ്ദേഹത്തെ കണ്ടിട്ടുള്ളവർ അപൂർവ്വമാണ്. വല്ലപ്പോഴും മാത്രം വെട്ടിക്കുന്ന നരച്ച തലമുടിയിൽ രണ്ടുനാലെണ്ണം നെറ്റിക്കു മുകളിൽ മുന്നോട്ടു കുതിച്ചുനില്ക്കും. ഒരിക്കൽ വിറളി പിടിച്ചു പായുന്ന തന്റെ പശുവിന്റെ പിന്നാലെ കയറിൽ പിടിച്ചുകൊണ്ട് ഓടുന്ന ഉപ്പായി മാപ്ലയുടെ ചിത്രം ഇപ്പോഴും എന്റെ മനസ്സിൽ തങ്ങിനില്പുണ്ട്. കയറിൽ പലതവണ പിടിമുറുക്കിയിട്ടും പശു നില്ക്കാതെ വന്നപ്പോൾ അടുത്തുകണ്ട കുലച്ച വാഴയിൽ അദ്ദേഹം കയർ ചുറ്റിപ്പിടിച്ചു. വാഴ ചുവടോടെ മറിഞ്ഞ ആ സംഭവമാണ് അദ്ദേഹത്തെ ഒരു കഥാപാത്രമാക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. ആൾ നിരുപദ്രവിയായിരുന്നു എന്നതും മറ്റൊരു കാരണമാണ്. ഉപ്പായി മാപ്ലയുടെ രൂപം പത്രത്തിൽ വരാൻ തുടങ്ങിയതിനു ശേഷം പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ടായിരുന്നു. ‘താൻ എന്നെപ്പറ്റി എന്തിന് ഇങ്ങനെയൊക്കെ വരയ്ക്കുന്നു’ എന്ന് ഒരിക്കൽപ്പോലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല.

 

ഉപ്പായി മാപ്ലയുമായി കുട്ടികളെ ഞാനൊന്നു കൂട്ടിമുട്ടിച്ചു വിട്ടു. വായനക്കാർക്ക് അയാളുടെ വിഡ്ഢിത്തങ്ങളും കോപ്രായങ്ങളും നന്നേ ഇഷ്ടപ്പെട്ടു. ഏതെങ്കിലുമൊരു ലക്കത്തിൽ കുട്ടികളോടൊപ്പം ഉപ്പായി മാപ്ല ഇല്ലെങ്കിൽ വായനക്കാർ പരാതിപ്പെടാൻ തുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം ആശയസൃഷ്ടിയുടെ പിരിമുറുക്കത്തിന് ഒരയവും കിട്ടി.

 

പക്ഷേ അധികം താമസിയാതെ ഉപ്പായി മാപ്ലയ്ക്ക് മനോരമ വാരികയുടെ താളുകളിൽ നിന്ന് കെട്ടുകെട്ടേണ്ടി വന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു.

 

ആയിടയ്ക്കാണ് ഡോ. ജോർജ് തോമസ് കോട്ടയത്തുനിന്ന് കേരളദ്ധ്വനി എന്ന ദിനപ്പത്രം ആരംഭിച്ചത്. അന്നു ഞാൻ മനോരമയിൽ ഉദ്യോഗസ്ഥനായിരുന്നില്ല. ഒരു കാർട്ടൂണിസ്റ്റായി പത്രാധിപസമിതിയിലേക്ക് ഡോ. തോമസ് എന്നെ ക്ഷണിച്ചു. അദ്ദേഹവുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഉപ്പായി മാപ്ല കേരളദ്ധ്വനി പത്രത്തിൽ ഒരു പോക്കറ്റ് കാർട്ടൂണായി ദിവസേന പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒരു കഥാപാത്രം രണ്ടു പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് അന്നു ഞാൻ അത്ര ചിന്തിച്ചിരുന്നില്ല.

 

മനോരമ വാരികയുടെ പത്രാധിപരായ വർഗീസ് കളത്തിലിനെ അതു ചൊടിപ്പിച്ചു. അതിന്റെ ഫലമായി ഉപ്പായി മാപ്ലയും ബോബനും മോളിയും തമ്മിലുള്ള കൂട്ടുകെട്ട് അദ്ദേഹം വിലക്കി. അങ്ങനെ ആറുവർഷം നീണ്ടുനിന്ന ആ ചങ്ങാത്തം മുറിക്കാൻ ഞാൻ നിർബന്ധിതനായി. ബോബനും മോളിയും മനോരമയിലും ഉപ്പായി മാപ്ല കേരളദ്ധ്വനിയിലുമായി വെവ്വേറെ പൊറുതി തുടങ്ങി. ഒരു അയൽബന്ധത്തിനു പോലും ഇരുകൂട്ടരും അവരെ അനുവദിച്ചില്ല.

 

കേരളദ്ധ്വനിയുമായുള്ള എന്റെ പുതിയ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. ഉപ്പായി മാപ്ലയെ കൂടാതെ ലാലുലീല എന്ന പേരിൽ കുട്ടികൾക്കുവേണ്ടി ഒരു കാർട്ടൂണും രാഷ്ട്രീയ കാർട്ടൂണുകളും ഞാനതിൽ വരച്ചിരുന്നു.

 

ജോർജ് തോമസ് ഒരു പ്രത്യേക കാഴ്ചപ്പാടും ചിന്താഗതിയുമുള്ള ആളായിരുന്നു. ഒരിക്കൽ പത്രത്തിൽ വരാനിടയായ ഒരു കാർട്ടൂൺ പത്രനടത്തിപ്പിനു സാമ്പത്തിക പിന്തുണ നല്കി വന്നിരുന്ന ഒരു കേന്ദ്രത്തിന്റെ രാഷ്ട്രീയ നയവൈകല്യങ്ങളെ നിശിതമായി വിമർശിക്കുന്ന ഒന്നായിരുന്നു. അതേച്ചൊല്ലിയുണ്ടായ ഞങ്ങളുടെ സംവാദം ഒടുവിൽ കേരളദ്ധ്വനിയിൽ നിന്നുള്ള എന്റെ രാജിയിൽ കലാശിച്ചു.

 

എന്റെ അഭാവത്തിൽ ഉപ്പായി മാപ്ലയെ മറ്റൊരു കാർട്ടൂണിസ്റ്റിനെക്കൊണ്ടു വരപ്പിച്ചു തുടർന്നു പ്രസിദ്ധീകരിക്കാൻ തുടങ്ങി. എന്റെ കഥാപാത്രങ്ങളെ എനിക്കുതന്നെ വിട്ടുതരണമെന്നുള്ള എന്റെ ആവശ്യം അദ്ദേഹം നിരസിച്ചു. ലാലുവും ലീലയും ഉപ്പായി മാപ്ലയും അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധീകരണമായ മനോരാജ്യം വാരികയിൽ ഇന്നും പ്രസിദ്ധീകരിച്ചുവരുന്നു.

 

കേരളദ്ധ്വനിയിൽ നിന്നും പിരിഞ്ഞതിനു ശേഷം ഞാൻ മുഴുവൻ ശ്രദ്ധയും ബോബനും മോളിയും കാർട്ടൂണിൽ കേന്ദ്രീകരിച്ചു. ഉപ്പായി മാപ്ലക്കു പകരം മറ്റൊരു കഥാപാത്രത്തെ കണ്ടെത്താനുള്ള അന്വേഷണമായി. ആ വഴിക്കാണ് ഞാൻ പഞ്ചായത്ത് പ്രസിഡണ്ടായ ചേട്ടനെ കണ്ടുമുട്ടിയത്.”

[ 1985ൽ റ്റോംസ് എഴുതിയ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ]

Back to top button
error: