KeralaLead NewsNEWS

ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡിന്റെ വേളി ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി; തൊഴിലാളികൾക്ക് ലേ ഓഫ്‌ കോമ്പൻസേഷൻ ഉടൻ നൽകണം

ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണമെന്നും മന്ത്രി ആവശ്യമുന്നയിച്ചു. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ആവശ്യങ്ങൾ മുന്നോട്ടുവച്ചത്.

തൊഴിലാളികളുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട ലോങ്ങ്‌ ടെം എഗ്രിമെന്റ് അടിയന്തരമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു . തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് മാനേജ്മെന്റ് കൈക്കൊള്ളുകയാണെങ്കിൽ നിയമാനുസൃതമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. അടിയന്തരമായി ബോർഡ് യോഗം ചേർന്ന് ഫാക്ടറി തുറക്കാൻ ഉള്ള നടപടികൾ എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ, തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Back to top button
error: