KeralaNEWS

ശരണം വിളികൾ മുഴങ്ങി വീണ്ടും കാനന പാതകൾ  

ബരിമലയിലേക്ക് എരുമേലിയില്‍ നിന്ന് ആരംഭിക്കുന്ന പരമ്പരാഗത വനപാത വീണ്ടും തുറന്നു നൽകാൻ സാധ്യത.ഇതിനായി പ്രത്യേക സംഘം ഇന്ന് ഇവിടങ്ങളിൽ പരിശോധന നടത്തും.വനപാത തുടങ്ങുന്ന കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ഭക്തരെ കഴിഞ്ഞ ദിവസം വനപാലകര്‍ തടഞ്ഞത് വിവാദമായിരുന്നു.2018 ലെ മഹാപ്രളയത്തിന് ശേഷം കാനനപാത വഴി തീര്‍ത്ഥാടകരെ പിന്നീട് ഇതുവരെ കടത്തിവിട്ടിട്ടില്ല.തുടർച്ചയായി വന്ന കൊവിഡ് കാലങ്ങളും പതിവിന് വിപരീതമായി ഇത്തവണ നീണ്ടു നിന്ന മഴയിൽ ഉണ്ടായ അസംഖ്യം ഉരുൾപൊട്ടലുകളും എല്ലാം ചേർന്നാണ് ഇതുവഴിയുള്ള യാത്രയ്ക്ക് വീണ്ടും വിലക്ക് നീട്ടിയത്. കാളകെട്ടിയില്‍ നിന്ന് അഴുത നദി കടന്നാണ് ശബരിമലയിലേക്കുള്ള പ്രധാന കാനന പാത ആരംഭിക്കുന്നത്. കാളകെട്ടിയിലേക്ക് ഇരുമ്പൂന്നിക്കര വഴിയുള്ള വനപാത വഴി നടന്നാണ് പരമ്പരാഗത രീതിയില്‍ തീര്‍ഥാടകര്‍ എത്തുന്നതെങ്കിലും പമ്പാവാലി വഴി റോഡ് മാര്‍ഗവും എത്താനാകും.നിലവിൽ ഈ റൂട്ടിലാണ് തീർത്ഥാടകർക്ക് അനുമതിയുള്ളത്.
എരുമേലിയില്‍ നിന്ന്‌ പരമ്പരാഗത പാതവഴി പമ്പയിലേക്കുള്ള ദൂരം  ഏകദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ്.പരമ്പരാഗതമായ ഈ കാനനപാതയിലൂടെ
ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി  കാല്‍നടയായുള്ള യാത്ര ഭക്തര്‍ക്ക്‌ മനസ്സിനും ശരീരത്തിനും ഒരുപോലെ നിരവൃതിയേകുന്ന ഒന്നുംകൂടിയാണ്.
പേരൂര്‍ തോട്‌
ഇരുമ്പൂന്നിക്കര,
അരശുമുടിക്കോട്ട,
കാളകെട്ടി,
അഴുതാനദി,
കല്ലിടാംകുന്ന്‌
ഇഞ്ചിപ്പാറക്കോട്ട,
മുക്കുഴി,
കരിയിലാം തോട്‌,
കരിമല,
വലിയാനവട്ടം,
ചെറിയാനവട്ടം
എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍.
 എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലൂടെ തീര്‍ത്ഥാടകര്‍  ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ അവതാര ഉദ്ദേശമായ  മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി.
കാളയെ കെട്ടിയിട്ടത് എന്ന് വിശ്വസിക്കുന്ന ആഞ്ഞിലി മരം കാളകെട്ടിയിൽ കാണാം കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം  പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തും അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കരിമലയെക്കാൾ കഠിനമായ അഴുതാമല  താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു.
 തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, വലിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തും.
പമ്പയില്‍  പിതൃതർപ്പണം നടത്തി ശുഭ്ര വസ്ത്രധാരികളായി ഇരുമുടിക്കെട്ടുമേന്തി മലകയറ്റം ആരംഭിക്കുന്ന അയ്യപ്പന്മാര്‍ ആദ്യം നാളികേരമുടച്ച്‌ പമ്പാഗണപതിയെ വന്ദിക്കുന്നു. നാഗരാജാവ് ,പാർവ്വതി ദേവി ആദിമൂല ഗണപതി ,ശ്രീരാമന്‍, ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്തി, പന്തളരാജാവിന്റെ സങ്കേതത്തിലെത്തി പ്രസാദം വാങ്ങിയ ശേഷം മല കയറിത്തുടങ്ങുന്നു. കുത്തനെയുള്ള നീലിമല കയറി അപ്പാച്ചിമേടിലെത്തുമ്പോള്‍ കന്നി അയ്യപ്പന്മാര്‍ അരിപ്പൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്‌വാരത്തിലേക്ക്‌ വലിച്ചെറിയുന്നു. ദുര്‍ദ്ദേവതകളെ പ്രീതിപ്പെടുത്താനാണിങ്ങനെ ചെയ്യുന്നത്‌.
കുറച്ചുദൂരംകൂടി കയറുമ്പോള്‍ ശബരീപീഠത്തിലെത്തുന്നു. ( ഇപ്പോൾ അവിടെ ശരം ഉപേക്ഷിക്കാറുണ്ടെങ്കിലും ശബരീപീഠം ശരം ഉപേക്ഷിക്കുന്ന സ്ഥലമല്ല ) ശബരിയുടെ സ്വര്‍ഗ്ഗാരോഹണം ഇവിടെ വച്ചായിരുന്നു എന്നു പറയുന്നു. അയ്യപ്പന്മാര്‍ ശബരീപീഠത്തില്‍ തേങ്ങയുടച്ച്‌, കര്‍പ്പൂരം കത്തിച്ച്‌, മലകയറ്റം തുടരുന്നു. തുടര്‍ന്ന് സമതലമായ മരക്കൂട്ടത്തിലെത്തുന്നു. പമ്പയില്‍ വെച്ചു പിരിയുന്ന സ്വാമി അയ്യപ്പന്‍ റോഡ്‌ ഇവിടെ സംഗമിക്കുന്നു. തുടര്‍ന്നാണ്‌ ശരംകുത്തി.
ആയുധങ്ങൾ എല്ലാം ഉപേക്ഷിച്ചു നിരായുധനായി ഭഗവൽ കടാക്ഷം മാത്രം വിശ്വസിച്ച്  മലകയറുന്നു എന്നാണ് വിശ്വാസം ( കന്നി അയ്യപ്പന്മാർ കടകളിൽനിന്ന് വാങ്ങുന്ന ശരവും മറ്റും ശരംകുത്തിയിൽ ഉപേക്ഷിക്കുന്നു) മകരവിളക്ക് ഉത്സവത്തിന് മണിമണ്ഡപത്തിലെ ജീവ സമാധിയിൽ നിന്നും ഉണർത്തപ്പെടുന്ന അയ്യപ്പസ്വാമി അതായത് സാക്ഷാൽ
 ഭഗവാൻ അയ്യപ്പൻ എഴുന്നള്ളുന്ന സ്ഥലമാണ് ശരംകുത്തി.
 തൻറെ  ഭക്തർ വരുമ്പോൾ  സന്നിധാനത്തു നിന്നും മാറി നിൽക്കുന്ന മല ദൈവങ്ങളെയും മറ്റു മൂർത്തികളെയും തിരികെ സന്നിധാനത്തേക്കു വിളിച്ചു കൊണ്ടു പോകാനാണ് ഭഗവാൻ അയ്യപ്പൻ ഇവിടേക്ക് വരുന്നതെന്നാണ് വിശ്വാസം.തുടര്‍ന്ന്‌ സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍  പതിനെട്ടാംപടിയ്‌ക്കിരുവശത്തുമുള്ള കറുപ്പുസ്വാമിയെയും കടുത്തസ്വാമിയെയും വണങ്ങി നാളികേരമുടച്ച്‌ ശരണം വിളിച്ചുകൊണ്ട്‌ പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തുന്നു. മാലയിട്ട്‌‌  കുറഞ്ഞത് 41 ദിവസം വ്രതമെടുത്ത്‌ ഇരുമുടി ഇല്ലാതെ അയ്യപ്പഭക്തര്‍ പതിനെട്ടാംപടി കയറാന്‍ പാടില്ല.

Back to top button
error: