IndiaLead NewsNEWS

അതിർത്തിയിലെ കർഷക സമരം തുടരും; പാർലമെന്റ് ട്രാക്ടർ റാലി മാറ്റിവെച്ചു

കർഷക സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചതായും ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരങ്ങൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു. ഗവൺമെന്റ് ചർച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി. വിവാദമായ മൂന്നു കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ 29ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് റാലി മാറ്റിവെച്ചത്.

അതേസമയം, കൃഷി നിയമങ്ങള്‍ പാര്‍ലമെന്റില്‍ പിന്‍വലിക്കുക, കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില നിയമം വഴി ഉറപ്പാക്കുക, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിസാന്‍ മോര്‍ച്ച അയച്ച കത്തിനു കേന്ദ്രം രേഖാമൂലം മറുപടി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ നാലിനു ട്രാക്ടര്‍ റാലി നടത്തുമെന്നു കര്‍ഷക നേതാക്കള്‍ അറിയിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുകയും മറ്റു ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യും വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

Back to top button
error: