NEWS

വഴിതെറ്റുന്ന കൗമാരം, പെരുകുന്ന അപഥസഞ്ചാരങ്ങളും ആത്മഹത്യകളും. വില്ലൻ മൊബൈൽഫോണുകളോ…? മാതാപിതാക്കളേ ജാഗ്രത പാലിക്കൂ

പാലക്കാട് 14കാരികളായ ഇരട്ടകൾ സഹപാഠികൾക്കൊപ്പം ഒളിച്ചോടി, പാലാ ഐങ്കൊമ്പിൽ 15കാരിക്ക് നാലു കാമുകന്മാർ, അദ്ധ്യാപകനുമായുള്ള രഹസ്യ ബന്ധം പരസ്യമായതോടെ കാസർകോട് 13കാരി ആത്മഹത്യ ചെയ്തു, മുണ്ടക്കയത്ത് 13 കാരിയുടെ കിടപ്പറയിൽ 17കാരൻ ഒളിച്ചു താമസിച്ചത് മൂന്നു നാൾ.
പത്തനംതിട്ട പ്രമാടം സ്വദേശി 16 കാരി അയൽക്കാരൻ പീഡിപ്പിച്ച കാരണത്താൽ ആത്മഹത്യ ചെയ്തു… കൗമാരങ്ങൾ വഴിപിഴച്ചു പോകുന്നത് എന്തുകൊണ്ട് മാതാപിതാക്കൾക്കു തടയാനാവുന്നില്ല…?

പാലക്കാട് ആലത്തൂരിലെ എ.എസ്.എം.എം ഹൈസ്ക്കൂളിലെ 14 കാരികളായ ഇരട്ടസഹോദരിമാർ സഹപാഠികളായ രണ്ട് ആൺകുട്ടികൾക്കൊപ്പം ഒളിച്ചോടിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്.
അതിർത്തിയിലെ ഗോപാലപുരം ചെക്പോസ്റ്റ് വഴി പൊള്ളാച്ചിയിലേക്ക് കടന്ന കുട്ടികൾ രണ്ടുദിവസം ഊട്ടി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. പിന്നീട് ഗോവയിലേക്കു പോകാനായി കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ഇവരെ ആർ.പി.എഫ് തന്ത്രപരമായിപിടികൂടിയത്.
ഇരട്ടസഹോദരിമാർ സഹപാഠികളായ ഈ ആൺകുട്ടികളുമായി പ്രണയത്തിലാണെന്നും വീട്ടുകാർ എതിർത്തതു കൊണ്ടാണ് വീട് വിട്ടിറങ്ങിയതെന്നും അവർ പറയുന്നു. യാത്രയ്ക്കിടെ കയ്യിലിരുന്ന ഒരു മൊബൈലും കുറേ ആഭരണങ്ങളും വിറ്റു. പിടിക്കപ്പെടുമ്പോൾ കുട്ടികളുടെ പക്കലുണ്ടായിരുന്നത് 9,110 രൂപയും 40,000 രൂപ വിലയുള്ള ഡയമണ്ട് ലോക്കറ്റും.

മ്പതാംക്ലാസ് വിദ്യാർഥികളായ നാലുപേരെയും കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്.
ആർ.പി.എഫ് സബ്ഇൻസ്പെക്ടർ കൊല്ലം സ്വദേശിനി ആലിസ് ആന്റണിക്കൊപ്പം സ്റ്റേഷനിൽ നിന്ന ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് കോൺസ്റ്റബിമാരായ അനീഷും സുജിത്തുമാണ് കുട്ടികളെ ആദ്യം കണ്ടത്.
സ്റ്റേഷനിലെത്തി തീവണ്ടി സമയം ചോദിച്ച കുട്ടികളെ ഇവർ ശ്രദ്ധിച്ചു. കാണാതായ കുട്ടികളുടെ ചിത്രം ആർ.പി.എഫ് ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നത് സഹായകമായി. യൂണിഫോമിൽ അല്ലാതിരുന്ന ഉദ്യോഗസ്ഥർ ഇവരോട് സൗമ്യതയിൽ സംസാരിച്ച് കാണാതായ കുട്ടികൾ ആണെന്ന് ഉറപ്പിച്ചു.
പെൺകുട്ടികൾ ഇരട്ടകൾ ആണെന്നത് കണ്ടുപിടിക്കാൻ എളുപ്പമായി. ആദ്യഘട്ടത്തിൽ നേരിയ പരിഭ്രമം കാണിച്ചുവെങ്കിലും അനുകമ്പയോടെ സംസാരിച്ചതോടെ സാധാരണ നിലയിലായി കുട്ടികൾ. അപ്പോഴും വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചാണ് ഇരുവരും പറയുന്നത്.
സംഭാഷണത്തിനിടെ, ഊട്ടിയിൽ നിന്ന് വരികയാണെന്നും ഗോവയിലേക്കു പോകുകയാണെന്നും ഇവർ പറഞ്ഞു. എന്തായാലും വൈകാതെ തന്നെ ആർ.പി.എഫ് കുട്ടികളെ ആലത്തൂർ പോലീസിന് കൈമാറി

ഓരോ അച്ഛനമ്മമാരെയും ഞെട്ടിക്കുന്ന വാർത്തകളാണ് പ്രതിദിനം പുറത്തു വരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ എത്രയോ കൗമാര പുഷ്പങ്ങൾ നിഷ്കരുണം പിച്ചിച്ചീന്തപ്പട്ടു. എട്ടുംപൊട്ടും തിരിയാത്ത എത്രയോ കുരുന്നുകൾ ജീവനൊടുക്കി…?
ഓൺലൈൻ ക്ലാസുകളുടെ കാലമാണിത്. കഴിഞ്ഞ ഒന്നര വർഷത്തിലധികമായി വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു.
പഠനം പൂർണ്ണമായും ഡിജിറ്റൽ ആയി. വിദ്യാർഥികൾക്ക് ഇൻ്റർനെറ്റ് സൗകര്യങ്ങളുള്ള മൊബൈൽ ഫോൺ ലഭ്യമാവുകയും ചെയ്തു. വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും ഒക്കെ വിരൽത്തുമ്പിലായി. ഇതിലൂടെ കൗമാരങ്ങൾ പലപ്പോഴും വഴിതെറ്റി.

പാലാ ഐങ്കൊമ്പ് ഗ്രാമത്തിൽ നിന്നും വന്ന വാർത്ത ആരുടെയും ഉള്ളു പൊള്ളിക്കുന്നതാണ്. പ്രണയം നടിച്ച് 15 കാരിയായ പെൺകുട്ടിയെ ഒരേ സമയം ലൈംഗികമായി ചൂഷണം ചെയ്തത് 4 പേരാണ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തിയാണ് പെൺകുട്ടിയുമായി ബന്ധം പുലർത്തിയിരുന്നത്.
രാത്രി യുവാക്കളിൽ ഒരാൾ ലൈംഗിക ബന്ധത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയതോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്.
പുറത്തുനിന്ന് പ്രവേശിക്കാവുന്ന മുറിയിലാണ് പെൺകുട്ടി ഉറങ്ങാൻ കിടക്കാറുള്ളത്. യുവാവ് ഒരു രാത്രി ആ മുറിയിലെത്തി. അപ്പോൾ പെൺകുട്ടി മറ്റൊരു മുറിയിലായിരുന്നു. അവളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടതോടെ രക്ഷിതാക്കൾ എത്തി പരിശോധന നടത്തി. ഈ സമയം കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവ് വീട്ടുകാർ വളഞ്ഞതോടെ മുറിയിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെ യുവാവുമായി മുമ്പും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് പെൺകുട്ടി സമ്മതിച്ചു. കൗൺസിലർമാർ നടത്തിയ ചോദ്യം ചെയ്യലിൽ കൂടുതലാളുകൾ പെൺകുട്ടിയുമായി ലൈംഗിക ബന്ധം പലർത്തിയതായും വെളിപ്പെട്ടു.
ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജുൻ ബാബു, പത്തനാപുരം പിറവന്തൂർ പള്ളിമേടയിൽ മഹേഷ് പിറവന്തൂർ എബി മാത്യു എന്നിവരെയും ഒപ്പം കൊണ്ടാട് സ്വദേശിയായ 16 വയസ്സുകാരനേയും രാമപുരം പോലീസ് അറസ്റ്റ് ചെയ്തു.
അർജുൻ ബാബുവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പ്രതികളായ യുവാക്കൾക്ക് പലർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നു. നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തത്.
ഒരു വർഷമായി ഈ ബന്ധം തുടരുന്നുണ്ട് എന്ന് പോലീസ് വ്യക്തമാക്കി. ഓൺലൈൻ പഠനവും മൊബൈൽ ഫോൺ ഉപയോഗവും ഈ സംഭവത്തിൽ വില്ലനായി മാറിയിട്ടുണ്ട് എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ.
കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത സംഭവത്തിലും മൊബൈൽ ഫോണാണ് വില്ലൻ. അധ്യാപകനുമായുള്ള ഫോൺ ചാറ്റിംഗ് പരസ്യമായതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
തീയിൽ പറന്ന് വീണ് ചിറകു കരിയുന്ന ചിത്രശലഭങ്ങളുടെ കഥകൾ ഇവിടെ തീരുന്നില്ല.
കേരളം ഒരു ആത്മപരിശോധന നടത്തേണ്ട സംഭവകഥകൾ നാളെ

Back to top button
error: