NationalNews

നോട്ടു നിരോധനത്തില്‍ തീരുമാനമെടുത്തത് ആര്‍ബിഐ ബോര്‍ഡ് അല്ല, കേന്ദ്രസര്‍ക്കാര്‍; വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റ് പാനലിന് ആര്‍ബിഐ നല്കിയ സബ്മിഷനില്‍

മുംബൈ: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിനു പ്രഖ്യാപിച്ച നോട്ടു നിരോധനം റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം പൊളിയുന്നു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതു പരിഗണിക്കാന്‍ തൊട്ടു തലേന്നു മാത്രമാണ് കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് പാനലിന് മുന്‍പാകെ റിസര്‍വ് ബാങ്ക് നല്‍കിയ സബ്മിഷനെ ഉദ്ധരിച്ച് ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപനം തടയുന്നതിന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്ന മോദി സര്‍ക്കാരിന്റെ വാദമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത് റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ ബോര്‍ഡാണെന്ന കേന്ദ്ര സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്. നോട്ട് അസാധുവാക്കല്‍ വിവാദമായ പശ്ചാത്തലത്തില്‍ നവംബര്‍ 16ന് പാര്‍ലമെന്റില്‍ നടന്ന സംവാദത്തിനിടെ കേന്ദ്ര ഊര്‍ജമന്ത്രി പിയൂഷ് ഗോയലാണ് തീരുമാനം പൂര്‍ണമായും റിസര്‍വ് ബാങ്കിന്റേതാണെന്ന് അവകാശപ്പെട്ടത്.

എന്നാല്‍, കള്ളനോട്ടുകളുടെ വ്യാപനം, ഭീകരര്‍ക്കുള്ള ധനസഹായം, കള്ളപ്പണം എന്നീ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത്. പിറ്റേന്ന്, നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു. ഏഴു പേജോളം ദൈര്‍ഘ്യം വരുന്ന റിപ്പോര്‍ട്ടിലാണ് നോട്ട് അസാധുവാക്കലെന്ന ആശയം ആദ്യം വിരിഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ തലയിലാണെന്ന വിശദീകരണം ആര്‍ബിഐ നല്‍കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന്റെ തൊട്ടടുത്ത ദിവസം (നവംബര്‍ എട്ട്) ആര്‍ബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

അതേസമയം, നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്നതാണ് പാര്‍ലമെന്റ് സമിതിക്ക് മുന്‍പാകെ ആര്‍ബിഐ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കാന്‍ ഉതകുന്നതാണ് ഈ തീരുമാനം. ഭീകരവാദികളും ലഹരി മാഫിയയും വ്യാപകമായ തോതില്‍ കള്ളനോട്ടുകള്‍ ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍ ഈ രണ്ടു ഭീഷണികളേയും ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.

2014 നവംബറില്‍ 5000, 10,000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പിന്നീട് 2016 മെയ് മാസത്തില്‍ 2,000 രൂപ നോട്ട് പുറത്തിറക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍, ഈ സമയത്തൊന്നും 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നില്ല.

2000 രൂപ നോട്ടുകള്‍ ആവശ്യത്തിന് കരുതിവച്ചിട്ടാണ് നോട്ടുകള്‍ അസാധുവാക്കിയിരുന്നതെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നു. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുമ്‌ബോള്‍ 94,660 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് അച്ചടി പൂര്‍ത്തിയാക്കിയിരുന്നത്. 500, 1000 രൂപ നോട്ടുകളിലൂടെ പിന്‍വലിച്ചത് 15 ലക്ഷം കോടി രൂപയാണെന്നിരിക്കെ ഇതിന് പകരമായി നല്‍കിയ 2000 രൂപാ നോട്ടുകള്‍ ആവശ്യമായതിന്റെ ആറു ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close