ഗാനഗന്ധര്‍വ്വന് 77

Tuesday, January 10, 2017 - 1:06 PM

Author

Tuesday, April 5, 2016 - 15:25
ഗാനഗന്ധര്‍വ്വന് 77

Category

Life

Tags

തിരുവനന്തപുരം: എഴുപത്തിയേഴാം പിറന്നാള്‍ നിറവില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. 77 വയസ്സിലും ശബ്ദ ഗാംഭീര്യം കൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ സാധിച്ച വലിയ കലാകാരനാണ് യേശുദാസ്
1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്നാരംഭിക്കുന്ന നാലുവരിശ്ലോകം പാടി ചലചിത്ര പിന്നണിഗാനരംഗത്ത് ഹരിശ്രീ കുറിച്ച അദ്ദേഹത്തെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
അന്നുവരെയുള്ള ആലാപനരീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ യേശുദാസിന് കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ഈ മികവിന്റെ അടിസ്ഥാനം.

പ്രശസ്ത സംഗീതസംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവന്മാഷ്, അര്‍ജ്ജുനന്മാഷ് എന്നിവരുടെ സംഗീതവും വയലാര്‍ ,ഒഎന്‍വി. ശ്രീകുമാരന്‍ തമ്ബി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും അതിന്‍ മികവേകി. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും, കഠിനാധ്വാനവും അദ്ദേഹത്തെ മലയാളികളുടെ ഗന്ധര്‍വ്വഗായകനാക്കി, മലയാളികളുടെ സ്വന്തം ദാസേട്ടനാക്കി. ദൈവത്തിന്റെ വരദാനമായി ലഭിച്ച ശബ്ദത്തെ കാത്തുസൂക്ഷിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു നമ്മുടെ ദാസേട്ടന്‍.

ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും സംഗീതം ആലപിച്ച് യേശുദാസ് തന്റെ സാന്നിധ്യം അറിയിച്ചു. ഏതാനും ചലചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അദ്ദേഹം അവതരിപ്പിച്ചു. ചലചിത്ര സംഗീതത്തിനൊപ്പം ശാസ്ത്രീയസംഗീതവും, ലളിതഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മാത്രമല്ല ശാസ്ത്രീയസംഗീതത്തെ ജനങ്ങള്‍ക്കിടയിലേക്കെത്തിക്കാന്‍ അദ്ദേഹം ചെയ്തസംഭാവനകളും ചെറുതല്ല. ശാസ്ത്രീയസംഗീതം സാധാരണക്കാരനുപോലും ഹൃദ്യമാകുന്ന തരത്തില്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സംഗീതപ്രേമികളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഏറ്റുവാങ്ങിക്കൊണ്ട് മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ജൈത്രയാത്ര തുടരുന്നു.

FEATURED POSTS FROM NEWS