KeralaNews

മാവോയിസ്റ്റ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മഞ്ചേരി: തമിഴ്‌നാട്ടില്‍ റിമാന്റില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ നൊണ്ടി മഹാലിംഗത്തെയും ആന്‍മേരിയെയും മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി.  ആയുധങ്ങള്‍ കൈവശം വെച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും ഭരണകൂടത്തിനെതിരെ ആദിവാസികള്‍ക്കിടയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ മഞ്ചേരി കോടതിയിലുള്ള കേസ്.
തമിഴ്‌നാട് തേനി ബോടി ദേവാരം മീനാക്ഷിപുരം മേട്ടുപ്പട്ടി കൊഴയണ്ടയില്‍ മകന്‍ നൊണ്ടി മഹാലിംഗം (59) മധുരൈ സെന്‍ട്രല്‍ ജയിലിലാണ് റിമാന്റില്‍ കഴിയുന്നത്.  കാവ്യ, ശരണ്യ, മീനാക്ഷി, മധുരൈ, ജയന്തി, മേരി എന്നീ പേരുകളിലും അറിയപ്പെടുന്ന തമിഴ്‌നാട് മധുരൈ ജംബുരോപുരം മാര്‍ക്കറ്റ് കോവില്‍ സ്ട്രീറ്റ് പെരുമാള്‍ കണ്ണന്റെ ഭാര്യ റീന ജോയ്‌സ് മേരി എന്ന ആന്‍മേരി (38) വെല്ലൂര്‍ സ്‌പെഷ്യല്‍ വനിതാ ജയിലിലും കഴിഞ്ഞു വരുന്നു.
പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ കേസിലാണ് നൊണ്ടി മഹാലിംഗത്തെ കോടതിയില്‍ ഹാജരാക്കിയത്. 2015 ഫെബ്രുവരി മൂന്നിന് രാത്രി എട്ട് മണിക്ക് കരുളായി നെടുങ്കയം താളിപ്പുഴ ആദിവാസി കോളനിയില്‍ മഹാലിംഗത്തിന്റെ നേതൃത്വത്തിലെത്തിയ സ്ത്രീ അടക്കം അഞ്ചുപേര്‍ പട്ടാള വേഷം ധരിച്ചെത്തി കോളനി നിവാസികളോട് സര്‍ക്കാരിനെതിരെ സായുധ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്തുവെന്നാണ് കേസ്.  2016 ജൂലൈ 21ന് തമിഴ്‌നാട് കാഞ്ചിപുരം ജില്ലയിലെ പടപ്പായിയില്‍ വെച്ച് ജില്ലാ ക്യു ബ്രാഞ്ച് സി ഐ ഡിയാണ് മഹാലിംഗത്തെ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് ആന്‍മേരിയെ കോടതിയില്‍ ഹാജരാക്കിയത്. 2015 ജനുവരി 29ന് പുലര്‍ച്ചെ ഒരു മണിക്ക് വഴിക്കടവ് അയ്യപ്പന്‍പൊട്ടി തച്ചറാവില്‍ ഖദീജയുടെ വീട്ടിലേക്ക് മാവോയിസ്റ്റ് സംഘടനയിലെ വിക്രം ഗൗഡ, ആന്‍മേരി എന്നിവരടക്കം കണ്ടാലറിയാവുന്ന മറ്റൊരു സ്ത്രീയടക്കം നാലുപേര്‍ ആയുധവും സ്‌ഫോടക വസ്തുക്കളുമായി വന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്തുവെന്നാണ് കേസ്.
ഇരുവരേയും ജനുവരി 11 വരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എസ് എസ് വാസന്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി   എം പി മോഹനചന്ദ്രന്റെ കസ്റ്റഡിയില്‍ വിട്ടത്
തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള സായുധ പൊലീസിന്റെ കനത്ത സുരക്ഷാ സംവിധാനത്തിലായിരുന്നു ഇരുവരെയും ഇന്നലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close