Lead NewsNEWS

പരാതിക്കാരിക്ക് വേണ്ടി സംസാരിച്ചയാള്‍ തെറ്റിദ്ധരിപ്പിച്ചതാണ്, കഥാകൃത്തിന്റെ പ്രസ്താവന വേദനിപ്പിച്ചു: ജോസഫൈന്‍

യോധികയെ അവഹേളിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പ്രചാരണം വസ്തുതാ വിരുദ്ധമാണ്. സ്ത്രീകളെ അവഹേളിക്കുന്ന സമീപനം കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

പരാതിക്കാരിക്ക് വേണ്ടി സംസാരിച്ചയാള്‍ തെറ്റിദ്ധരിപ്പിച്ചതാണ്. ശബ്ദരേഖ എഡിറ്റ് ചെയ്ത് കമ്മീഷനെതിരെ പ്രചാരണം നടത്തി. കഥാകൃത്ത് ടി. പത്മനാഭന്‍റെ പരാമര്‍ശം വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണ്. അദ്ദേഹത്തിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും എം.സി ജോസഫൈന്‍ പ്രതികരിച്ചു.

സിപിഐഎം നേതാക്കളുടെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെയാണ് പരാതിയുമായി എത്തിയ 87 കാരി വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍ രംഗത്തെത്തിയത്.

വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്പളവും ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു.

സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു.

കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന്‍ മുന്നില്‍ ഹാജരാകരണമെന്ന് എംസി ജോസഫൈന്‍ നിര്‍ബന്ധം പിടിച്ചതാണ് വിവാദമായത്. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനുനേരെ ജോസഫൈന്‍ ശകാരവര്‍ഷം നടത്തുകയും ചെയ്തു. അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോണ്‍സംഭാഷണം കഴിഞ്ഞദിവസമാണ് പുറത്തുന്നത്. പത്തനംതിട്ട സ്വദേശി ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റാണ് ലക്ഷ്മിക്കുട്ടിയമ്മ കിടപ്പിലായത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു വനിതാ കമ്മിഷനെ സമീപിച്ചത്.

87 വയസുള്ള വൃദ്ധ എന്തിനാണ് വനിതാ കമ്മിഷന് പരാതി നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു അധിക്ഷേപമെന്ന് ബന്ധു പറയുന്നു. പരാതിക്കാരി ആരായാലും വിളിക്കാവുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്നും ജോസഫൈന്‍ ഇയാളോട് പറയുന്നതും ഫോണ്‍സംഭാഷണത്തില്‍ വ്യക്തമാണ്. ഇതോടെ പലകോണുകളില്‍ നിന്നും ജോസഫൈനെതിരെ വിമര്‍ശനമുയരുകയായിരുന്നു.

അതേസമയം, കുപ്രചാരണങ്ങള്‍ വഴി വനിതാ കമ്മീഷനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു. പരാതിക്കാരിയായ വയോധികയ്ക്ക് നീതി
കിട്ടുമെന്നും പരാതി കോടതിയിലാണെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

Back to top button
error: