120 കിലോമീറ്റര്‍ വേഗത്തില്‍ പായിച്ച ബിഎംഡബഌു കാറിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു

ന്യൂഡല്‍ഹി: അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ യൂബര്‍ ടാക്‌സിയുമായി കൂട്ടിയിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു. ഡല്‍ഹിയിലെ വസന്ത്കുഞ്ജില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ച ബിഎംഡബഌു കാറാണ് യൂബര്‍ ടാക്‌സിയില്‍ ഇടിച്ചുകയറിയത്. യൂബര്‍ ഡ്രൈവര്‍ നസ്‌റുള്‍ ഇസ്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടമുണ്ടാക്കിയ ആഡംബര കാര്‍ ഓടിച്ച ഷോയബ് കോഹ്ലി എന്ന യുവാവ് സംഭവശേഷം ഒളിവില്‍ പോയി. കഴിഞ്ഞദിവസമാണ് ഇയാള്‍ പിതാവിനൊപ്പം പോലീസില്‍ കീഴടങ്ങിയത്. പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍വിട്ടു. ഒരു ബഹുരാഷ്ട്ര കന്പനിയിലെ മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥനാണ് ഇയാള്‍. താന്‍ മദ്യപിച്ചിരുന്നില്ലെന്നും അമിതവേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചു. രണ്ടു കാറുകളും പൂര്‍ണമായി തകര്‍ന്നു.
നസ്‌റുള്‍ ഇസ്ലാം യൂബര്‍ ടാക്‌സിയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചദിവസം തന്നെയാണ് അപകടമുണ്ടായതെന്ന് ഇയാളുടെ ബന്ധുക്കള്‍ അറിയിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ക്കെതിരേ നടപടി വേണമെന്നും നസ്‌റുള്‍ ഇസ്ലാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തി.