Life
ഊട്ടി തീവണ്ടിയിലെ യാത്ര മാറ്റിവെക്കാം, മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൈതൃക തീവണ്ടി യാത്ര 17 വരെ റദ്ദാക്കി

മേട്ടുപ്പാളയം: കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഊട്ടി പൈതൃക തീവണ്ടിയുടെ ശനിയാഴ്ചവരെയുള്ള യാത്ര റദ്ദാക്കി. മേട്ടുപ്പാളയത്തിനും കൂനൂരിനും മധ്യേയാണ് റദ്ദാക്കല്‍. മേട്ടുപ്പാളയത്ത് നിന്ന് 18 കിലോമീറ്റര്‍ അകലെ ഹില്‍ഗ്രോ സ്റ്റേഷനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 10 മീറ്റര്‍ ഉയരത്തില്‍ നിന്ന് വീണ പാറകളും മണ്ണും 15 മീറ്ററോളം നീളത്തില്‍ പാളത്തില്‍ പതിച്ചു.
സേലം ഡിവിഷണല്‍ എഞ്ചിനീയര്‍ നല്ലമുത്തു മാണിക്യം, അഡി; ഡിവിഷണല്‍ എഞ്ചിനീയര്‍ രത്ന കാമരാജ്, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ഗോവിന്ദരാജ് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ തൊഴിലാളികള്‍ ഉള്‍പ്പെടെ 50ഓളം തൊഴിലാളികള്‍ വൈകീട്ട് വരെ ജോലിചെയ്തും ട്രാക്ക് ശരിയാക്കാനായില്ല. ശനിയാഴ്ച ട്രാക്ക് പൂര്‍ണമായും ക്ലിയര്‍ ചെയ്ത് അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ ഈറൂട്ടിലെ ഗതാഗതം പുനസ്ഥാപിക്കു.
മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് വ്യാഴാഴ്ച രാവിലെ 7.10ന് പുറപ്പെട്ട വണ്ടി മണ്ണിടിഞ്ഞ വിവരമറിഞ്ഞ് കല്ലാര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് 9 മണിയോടെ മേട്ടുപ്പാളയത്തേക്ക് തന്നെ തിരിച്ചെത്തിച്ചു. 150ഓളം യാത്രക്കാരുണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ ഊട്ടിയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കി.
വ്യാഴാഴ്ച പുലര്‍ച്ചെ മേട്ടുപ്പാളയം കൂനൂര്‍ ദേശിയപാതയില്‍ ബര്ലിയാരില് റോഡില്‍ മണ്ണ് വീണത് നീക്കം ചെയ്തു. ചെറിയ വാഹനങ്ങളെ മാത്രമാണ് ഈ റൂട്ടില്‍ അനുവദിക്കുന്നത്. പാത സുരക്ഷിതമല്ലാത്തതിനാല്‍ മേട്ടുപ്പാളയം കോത്തഗിരി ഊട്ടി വഴി ഉപയോഗിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശം. ബുധനാഴ്ച കൂനൂരിനു സമീപം മരപ്പാലത്തില്‍ വന്‍പാറയും മരങ്ങളും കടപുഴകി വീണ് 6 മണിക്കൂൂര്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.