Lead NewsNEWS

കൊലപാതകം തന്നെയെന്ന് അരുൺ കുറ്റം സമ്മതിച്ചു, ശാഖാ കുമാരിയെ കൈകൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു, ദേഹത്തു കൂടെ വൈദ്യുതിയും കടത്തിവിട്ടു

51 കാരിയായ ഭാര്യ ശാഖാ കുമാരിയെ കൊന്നത് 28കാരനായ താൻ തന്നെയെന്ന് ഭർത്താവിന്റെ കുറ്റസമ്മതം. ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച് ആണെന്ന് പ്രതി അരുൺ പൊലീസിനോട് വെളിപ്പെടുത്തി. പിന്നാലെ വൈദ്യുതി കടത്തിവിട്ട് ഷോക്കടിപ്പിച്ചു.

മരണകാരണം ശ്വാസംമുട്ടിച്ചതാണോ ഷോക്ക് അടിപ്പിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.ബെഡ്റൂമിലും തറയിലും ബെഡ്ഷീറ്റിലുമെല്ലാം രക്തത്തിന്റെ പാടുകൾ ഫോറൻസിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

സ്വത്ത് മോഹിച്ചാണ് ശാഖാ കുമാരിയെ കല്യാണം കഴിച്ചത് എന്ന് അരുൺ മൊഴി നൽകിയിട്ടുണ്ട്. വിവാഹ ഫോട്ടോ പ്രചരിച്ചത് അപമാനത്തിന് ഇടയാക്കി എന്നും പറഞ്ഞു.

കൃത്യമായ ആസൂത്രണത്തിലൂടെയാണ് ശാഖാ കുമാരിയെ അരുൺ കൊന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വന്നതിനുശേഷം ആകും എങ്ങനെയാണ് കൊലപാതകം നടന്നത് എന്ന് കൃത്യമായി സ്ഥിരീകരിക്കുക.

ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിനുള്ളിൽ പെട്ട് ശാഖയ്ക്ക് ഷോക്കേൽക്കുകയായിരുന്നു എന്നാണ് അരുൺ നാട്ടുകാരോട് പറഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോൾ മൃതദേഹത്തിലെ തെളിവുകളാണ് അരുണിനെ സംശയിക്കാൻ ഡോക്ടർമാരെ ഇടയാക്കിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ശാഖാ കുമാരിയിൽ നിന്ന് ധാരാളം പണം അരുൺ കൈപ്പറ്റിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. മറ്റു സ്വത്തുക്കൾ കൂടി തട്ടിയെടുക്കാൻ ആയിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് വിവരം. രണ്ടു മാസങ്ങൾക്കു മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ പങ്കെടുത്തിരുന്നില്ല.

Back to top button
error: