NationalNews

ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി. അതേസമയം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണെങ്കിലും 1000, 500 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നോ കാര്‍പെറ്റ് ബോംബിങ് എന്നോ നിങ്ങള്‍ വിളിച്ചുകൊള്ളൂ, യാദൃശ്ചികമായി ചില നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകരുത്. പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കണം. സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നതു പൊതുവായ ആശങ്കയാണെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അറിയിച്ചു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട നാലു പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തീരുമാനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നതാണു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ ഈ മാസം 25ന് വീണ്ടും വാദം കേള്‍ക്കും.

അതേസമയം, കള്ളപ്പണം രാജ്യത്തെയും സമ്ബദ്വ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ നിര്‍ദ്ദേശം വന്നതോടെ രാജ്യത്തെ വിവിധ ബാങ്കുകളിലായി മൂന്നു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. ഡിസംബര്‍ അവസാനത്തോടെ 11 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തുമെന്നാണ് കരുതുന്നതെന്നും എജി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ഇക്കാര്യവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ പരിശോധിക്കവെയാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close