Life

വവ്വാലുകൾക്കും പാമ്പുകൾക്കുമൊപ്പം നാരകക്കാനം തുരങ്കത്തിൽ നിന്ന് വിൻ ഷട്ടർബഗ് – യാത്രാവിവരണം

ഇടുക്കിജില്ലയുടെ ആസ്ഥാനമായ പൈനാവിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയാണ് നാരകക്കാനം . നാരകക്കാനത്തെ തുരങ്കത്തെ കുറിച്ച് ആദ്യം ഞങ്ങളോട് പറയുന്നത് ദിപു ആണ് (ഞങ്ങൾ എന്ന് പറഞ്ഞാൽ , ഞാനും അഖിലനും, ജെയിംസ് സാറും). ഞങ്ങൾ എങ്ങനെ ഇടുക്കിയിൽ എത്തപ്പെട്ടു എന്നുള്ളത് മറ്റൊരു രസകരമായ സംഭവം. തിരുവനന്തപുരത്ത് നിന്ന എന്നോട് ഒരു സുപ്രഭാതത്തിൽ ഒരു സംശയം ചോദിക്കാനാണ് അഖിലൻ ഫോൺ ചെയ്തത്. സംശയ നിവാരണം കഴിഞ്ഞു എങ്ങോട്ടെങ്കിലും പോകണ്ടേ എന്ന അഖിലന്റെ ചോദ്യത്തിന് ഉത്തരമായി പിറ്റേ ദിവസം ഞങ്ങൾ ഇടുക്കിയിലെത്തി. ഒറ്റ ദിവസത്തെ ഒരു ട്രിപ്പ് ആണ് ഉദ്ദേശ്യം.ദിപു പൈനാവ് സ്വദേശി ആണ്. രാത്രി ദിപു ഞങ്ങൾക്ക് പെട്ടെന്ന് പോകാൻ പറ്റുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞ കൂട്ടത്തിൽ നാരകക്കാനം തുരങ്കത്തെ പറ്റിയും പറഞ്ഞു. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ നേരെ നാരകക്കാനത്ത് തുരങ്കത്തിനു മുന്നിൽ എത്തി.

received_10154638414388256

നാരകക്കാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളത്തെ ഒരു തടയണ കെട്ടി തടഞ്ഞു നിർത്തി ആ വെള്ളം ഒരു കിലോമീറ്റര് അകലെ കിടക്കുന്ന ഇടുക്കി ഡാമിന്റെ റിസർവോയറിൽ എത്തിക്കാനാണ് നാരകക്കാനത്തെ ഈ തുരങ്കം നിർമിച്ചിരിക്കുന്നത് . കുറവൻ മലയും കുറത്തി മലയും ചേർത്താണ് ഇടുക്കി ഡാം നിർമിച്ചിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. ഇതിൽ കുറത്തി മലയുടെ ഉള്ളിലൂടെയാണ് നാരകക്കാനം തുരങ്കം കടന്നു പോകുന്നത് . ഏകദേശം ഒരു കിലോമീറ്റർ ആണ് തുരങ്കത്തിന്റെ ദൂരം. ഇങ്ങനെ ഒട്ടേറെ തുരങ്കങ്ങൾ ഇടുക്കി ഡാമിന് ചുറ്റും ഉണ്ടത്രേ. ആദ്യം തുരങ്കം ഒന്ന് പുറത്തു നിന്നും നോക്കി കാണണം എന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ എങ്കിലും തുരങ്കത്തിൽ എത്തിയപ്പോൾ അകത്തു കേറാൻ എല്ലാവർക്കും ആഗ്രഹം. തുരങ്കത്തിന്റെ പ്രവേശനതിലൂടെ നോക്കിയാൽ ഏകദേശം 10 മീറ്ററോളം ഉള്ളിലേക്ക് മാത്രമേ കാണാൻ പറ്റുകയുള്ളൂ.പിന്നെ കട്ട പിടിച്ച ഇരുട്ട്.ആ ഇരുട്ടിന്റെ നടുക്കായി ഒരു പൊട്ടു പോലെ ഒരു വെളിച്ചം,തുരങ്കത്തിന്റെ മറ്റേ അറ്റം. തുരങ്കം ഒരു നേർരേഖയിലാണ് നിർമിച്ചിരിക്കുന്നത് അതിനാൽ ഒരു കിലോമീറ്റർ അപ്പുറമുള്ള തുരങ്കത്തിന്റെ അറ്റം പ്രവേശന ഭാഗത്ത് നിന്നും കാണാൻ കഴിയും . തുരങ്കത്തിന്റെ പ്രവേശന ഭാഗത്ത് കോൺക്രീറ്റ് തൂണുകൾ കൊണ്ട് ജയിൽ പോലെ അഴികൾ ഉണ്ടാക്കിയിരിക്കുന്നു.വലിയ മരങ്ങളും മറ്റും ഒഴുകി വന്നു തുരങ്കത്തിലേക്ക് കടന്നു തുരങ്കം അടയാതിരിക്കാനാണ് ഇതെന്ന് ദിപു വിശദീകരിച്ചു.

received_10154638414308256

തുരങ്കത്തിനു ഉള്ളിലേക്ക് കടക്കാൻ തീരുമാനിച്ചെങ്കിലും അപ്പോൾ മറ്റൊരു പ്രശ്നം പൊന്തി വന്നു. രാവിലത്തെ തിരക്കിൽ ദിപു ടോർച് എടുക്കാൻ മറന്നു പോയി. 2-3 വർഷം മുൻപ് തുരങ്കത്തിലൂടെ പോയിട്ടുള്ള അനുഭവം വച്ച് വെളിച്ചമില്ലാതെ ഉള്ളിലേക്ക് പോകാൻ കഴിയില്ലെന്ന് ദിപു മുന്നറിയിപ്പു നൽകി. തുരങ്കത്തിലൂടെ ഒരടി പൊക്കത്തിൽ വെള്ളമൊഴുകുന്നുണ്ട് പോരാഞ്ഞിട്ടു കുഴികളും , ഇഴ ജന്തുക്കളും ഉണ്ടാകും. വിഷമുള്ള ചിലന്തികളും ഉണ്ടാകാം,പോരാഞ്ഞിട്ട് കുപ്പിചില്ലുകളും ഉണ്ടാകാം.ടോർച് ഇല്ലാതെ അകത്തേക്ക് പോകാൻ തീർത്തും കഴിയില്ല…പെ ട്ടെന്ന് ഒരു ആശയം തോന്നി. മൊബൈൽ ഫോണിൽ ഉള്ള ടോർച് ഉപയോഗിക്കാം…! പോരെങ്കിൽ ക്യാമറയിൽ ഉള്ള ഫോക്കസ് അസ്സിസ്റ്റ് ലാമ്പും പ്രയോജനപ്പെടുത്താം. തുരങ്കത്തിനു മുന്നിൽ തന്നെ ഇരുന്നു രണ്ടും കൽപ്പിച്ച് നാലുപേരും തുരങ്കത്തിലേക്ക് പ്രവേശിച്ചു.10 അടി ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ ടോർച്ചുകൾ തെളിക്കേണ്ടി വന്നു.കൂരാക്കൂരിരുട്ട്,വെള്ളത്തിന് നല്ല തണുപ്പ്…കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നപ്പോൾ മറ്റൊരു അപ്രതീക്ഷിത ആക്രമണം. അകത്തെ ഇരുട്ട് വാവലുകൾക്കും നരിച്ചീറുകൾക്കും രാത്രി ജോലി കഴിഞ്ഞു ഉറങ്ങാനുള്ള പ്രകൃതിയുടെ കിടപ്പുമുറി ആണ്. ഞങ്ങളുടെ അനക്കം അറിഞ്ഞു അവ പുറത്തേക്കു പറക്കാൻ തുടങ്ങി.തമ്മിൽ കൂട്ടിയിടിക്കാതെ ഒരു വിധത്തിൽ രണ്ടു കൂട്ടരും ബദ്ധപ്പെട്ടു ഒഴിഞ്ഞു മാറേണ്ടി വന്നു.സ്ഥിരമായി വെള്ളം ഒഴുകുന്നത് കൊണ്ട് താഴെ പാറയിൽ നല്ല വഴുക്കലുണ്ട്.ഒരു താങ്ങിനായി ടണലിന്റെ ഭിത്തികളിൽ കൈ ഊന്നാമെന്നു വച്ചപ്പോൾ ദീപുവിന്റെ മുന്നറിയിപ്പ്, ഭിത്തികളിൽ ഇഴ ജന്തുക്കളോ ചിലന്തികളോ ഉണ്ടാകുമെന്ന്.പിന്നെ ഒന്നും ചിന്തിച്ചില്ല, കയ്യിലിരുന്ന വടി താങ്ങാക്കി മുന്നോട്ട് നടന്നു.തുരങ്കത്തിലൂടെ പകുതി ദൂരം ചെന്നപ്പോൾ പ്രവേശന വാതിൽ പപ്പട വട്ടത്തിൽ മാത്രമേ കാണാൻ കഴിയൂ.ഒരു നിമിഷം മനസ്സിൽ ഒരു ചിന്ത കൊള്ളിയാൻ മിന്നി.ഇപ്പോൾ ഒരു ഭൂമികുലുക്കം ഉണ്ടായാൽ, ഈ തുരങ്കത്തിനുള്ളിൽ വർഷങ്ങൾക്ക് ശേഷം ഫോസ്സിലുകളായി …. ഹേയ് അങ്ങനെ ഒന്നും ഉണ്ടാകില്ല… വീണ്ടും ധൈര്യം സംഭരിച്ചു മുന്നിലേക്ക് തന്നെ നടന്നു.

received_10154638414153256
പതിയെ പതിയെ തുരങ്കത്തിന്റെ അഗ്രം വലുതായി വന്നു.ഒടുവിൽ അങ്ങേ അറ്റത്തു ചെന്നപ്പോൾ നയന മനോഹരമായ കാഴ്ച,തുരങ്കത്തിലൂടെ വരുന്ന വെള്ളം നേരിട്ട് റിസർവോയറിലേക്ക് ഒഴുകുകയല്ല ചെയ്യുന്നത്,പകരം ഏകദേശം 15 അടി പൊക്കത്തിൽ നിന്നും ഒരു വെള്ളച്ചാട്ടമായി താഴേക്ക് വീഴുകയാണ്.തുരങ്കത്തിൽ നിന്നും പുറത്തു കടന്നു കുറച്ചു നേരം റിസർ വോയറിന്റെ തീരത്ത് പാറയിൽ വിശ്രമിച്ചു.ഏകദേശം 20 മീറ്റർ പിറകിലായി തുരങ്കവും വെള്ളച്ചാട്ടവും.വിശ്രമം അധികമായാൽ അന്നത്തെ മറ്റു പരിപാടികൾ മുടങ്ങും എന്നുള്ളത് കൊണ്ട് തിരികെ വെള്ളച്ചാ ട്ടത്തിലേക്ക് നടന്നു. വിസ്തരിച്ചൊരു കുളി.വീണ്ടും തുരങ്കത്തിലേക്ക്,മടക്ക യാത്ര.കുളി പാസ്സാക്കിയത് കൊണ്ടാകാം തിരികെ നടന്നപ്പോൾ ദൂരം കുറഞ്ഞത് പോലെ തോന്നി.ജീവിതത്തിൽ ഇത് പോലെ ഒരു അനുഭവം ആദ്യമായിട്ടാണ്.അധികം ജീവിചിട്ടില്ലാത്തത് കൊണ്ടാകാം,പക്ഷെ ഇങ്ങനെ ഒരു അനുഭവം ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.മൊബൈൽ ഫോൺ ബാറ്ററി തീരും മുൻപ് തുരങ്കത്തിനു പുറത്തു കടക്കണം,കാലുകൾക്ക് അറിയാതെ വേഗം കൂടി.

received_10154638414303256

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close