Life

ഒരു സ്ത്രീ വിവാഹമോചനത്തിന് ശ്രമിക്കുമ്പോള്‍

ഒരു സ്ത്രീ വിവാഹമോചനത്തിന് ശ്രമിക്കുമ്പോള്‍ എന്തൊക്കെ വെല്ലുവിളികളാകും നേരിടേണ്ടി വരിക? എണ്ണിയാലൊടുങ്ങാത്തവയെന്നാണ് ഹരിത എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുമ്‌ബോള്‍ മനസിലാവുക. ആംസ്റ്റര്‍ഡാമില്‍ എന്‍ജിനീയറാണ് ഹരിത. വിവാഹം പൂര്‍ണപരാജയമായിരുന്നെന്ന് മനസിലാക്കിയ ശേഷമായിരുന്നു വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഹരിത എത്തിയത്.
എന്നാല്‍ സ്വന്തം കുടുംബത്തില്‍നിന്നു പോലും അവള്‍ക്ക് പിന്തുണ ലഭിച്ചില്ല. മാത്രമല്ല നിരവധി ദുരനുഭവങ്ങളിലൂടെയും അവള്‍ക്ക് കടന്നു പോകേണ്ടിയും വന്നു.

 
ഇതു വരെ വിവാഹമോചനം ലഭിച്ചില്ലെങ്കിലും അങ്ങനെയൊരു തീരുമാനത്തിലേക്ക് അവള്‍ എങ്ങനെ എത്തിപ്പെട്ടെന്നും അതിനിടെ എന്തൊക്കെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകേണ്ടി വന്നതെന്നും ഹരിത പറയുകയാണ്. ഹ്യൂമന്‍സ് ഓഫ് ആംസ്റ്റര്‍ഡാമിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഹരിത തന്റെ കഥ പങ്കു വച്ചിരിക്കുന്നത്.
എന്‍ജീനിയറിങ് ബിരുദധാരിയാണ് ഹരിത.’ജോലിയില്‍ മികവ് നേടുക എന്നതു മാത്രമായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്‌നം. പക്ഷെ മകളെ വിവാഹിതയായി കാണാനുള്ള മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവസാനം വിവാഹത്തിനു സമ്മതിച്ചു. അങ്ങനെ യാതൊരു പരിചയവുമില്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിച്ചു. എന്റെ വിവാഹദിനം പോലും എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല’.

 

ഇങ്ങനെയാണ് ഹരിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഭര്‍ത്താവുമായോ അയാളുടെ മാതാപിതാക്കളുമായോ ഒത്തുപോകാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ‘എല്ലാം ശരിയാകുമെന്ന് ഓരോ ദിവസവും ഞാന്‍ എന്നോടു തന്നെ പറയുമായിരുന്നെങ്കിലും ഒന്നും ശരിയായില്ല. കാര്യങ്ങള്‍ നാള്‍ക്കു നാള്‍ വഷളായി വന്നു. വല്ലാത്ത നിര്‍ബന്ധ ബുദ്ധിക്കാരായിരുന്നു ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. അച്ഛനോട് സ്ത്രീധനം ആവശ്യപ്പെടാന്‍ അവരെന്നെ നിര്‍ബന്ധിച്ചിരുന്നു. മാത്രമല്ല എന്റെ ശമ്ബളം അവര്‍ക്കു കൊടുക്കാനും നിര്‍ബന്ധിച്ചിരുന്നു’.
ജോലി കഴിഞ്ഞെത്താന്‍ വൈകിയാല്‍ ‘ആര്‍ക്കൊപ്പം പോയതായിരുന്നു’ എന്ന ചോദ്യമായിരുന്നത്രെ ഭര്‍ത്താവ് ഹരിതയോട് ചോദിച്ചിരുന്നത്.

 

ഭര്‍ത്താവുമായി വൈകാരികമായ അടുപ്പം സ്ഥാപിക്കാന്‍ പലതരത്തില്‍ ശ്രമിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. അവസാനം കമ്ബനിയുടെ മറ്റ് ഏതെങ്കിലും രാജ്യത്തെ ഓഫീസിലേക്ക് മാറ്റം കിട്ടുമോയെന്ന് ഹരിത അന്വേഷിക്കാന്‍ തുടങ്ങി.
മാറ്റം കിട്ടിയതിന്റെ ഭാഗമായി അവള്‍ നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലേക്ക് പോയി. അവിടുത്തെ പുതിയ ജോലി സാഹചര്യവും പുതിയ കൂട്ടുകാരും ഹരിതയുടെ ജീവിതം മാറ്റിമറിച്ചു. സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ തുറന്നു പറയുന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതാണ് ഹരിതയുടെ ജീവിതം മാറ്റിമറിച്ചത്.
ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരായിരുന്നു അവിടെ അനുഭവങ്ങള്‍ പങ്കു വയ്ക്കാനെത്തിയവര്‍. ആ പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ ഹരിത വിവാഹമോചനമെന്ന തീരുമാനമെടുത്തു. തനിക്ക് വിവാഹമോചനം വേണമെന്ന് അവള്‍ ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു. പക്ഷെ ഹരിതയുടെ തീരുമാനത്തിനെതിരായിരുന്നു അവളുടെ വീട്ടുകാര്‍.

 
തിരികെ ഇന്ത്യയിലെത്തിയ ഹരിതയെ അവര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയച്ചു. അന്ന് രാത്രി അവിടെ തങ്ങിയ ഹരിതയുടെ പാസ്‌പോര്‍ട്ടും ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടെയുള്ളവ ‘മോഷണം’ പോയി. അവയെ കുറിച്ച് ആരാഞ്ഞപ്പോള്‍ അറിയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മറുപടി.
ഇതോടെ കാര്യങ്ങള്‍ ഏതി ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഹരിതയ്ക്കു മനസിലായി. ലീവ് അവസാനിച്ച് മടങ്ങിപ്പോകാന്‍ സമയമായിട്ടും വിസയും മറ്റും ലഭിച്ചില്ല. പിന്നീട് നിരവധി കഷ്ടപ്പാടുകളിലൂടെ കടന്നാണ് വിസ അവള്‍ വീണ്ടും കരസ്ഥമാക്കുന്നത്. അതിനായി പലയിടത്തും കള്ളം പറയേണ്ടി വന്നതായും ഹരിത പറയുന്നു.
ഒടുവില്‍ തിരികെ ആംസ്റ്റര്‍ഡാമിലെത്തിയപ്പോഴേക്കും അടുത്ത പ്രതിസന്ധി. ഹരിതയ്ക്ക് ജോലി നഷ്ടമായി. പിന്നെ പുതിയ ജോലിക്കുള്ള അന്വേഷണങ്ങള്‍. ഒടുവില്‍ പതിനേഴു ദിവസത്തെ അന്വേഷണങ്ങള്‍ക്കു ശേഷം ഒരു നല്ല കമ്ബനിയില്‍ അവള്‍ക്ക് ജോലി ലഭിച്ചു.

 
‘ഞാന്‍ ഇതുവരെയും വിവാഹമോചിതയല്ല. ഇനി ഇന്ത്യയിലേക്ക് തിരികെ പേകാനും ഉദ്ദേശിക്കുന്നില്ല. അച്ഛനോടും അമ്മയോടും സംസാരിക്കാറുണ്ടെങ്കിലും പലപ്പോഴും അവരെ വിശ്വസിക്കാന്‍ തോന്നുന്നില്ല. ഞാനിപ്പോള്‍ സന്തോഷവതിയാണ്’. ഹരിത പോസ്റ്റ് അവസാനിപ്പിക്കുന്നു.
നിരവധി പേരാണ് ഇതിനോടകം ഹരിതയുടെ കഥ ലൈക്ക് ചെയ്തിട്ടുള്ളത്. മുപ്പത്തിമൂവായിരത്തിലേറെ റിയാക്ഷനുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഭാഗമായാണ് ഹരിതയുടെ പോസ്റ്റ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close