NEWS

ബാലഭാസ്‌കര്‍ കേസില്‍ വീണ്ടും ദുരൂഹത

യലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തകള്‍ ശരി വെയ്ക്കുന്ന തരത്തിലുളള തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുന്ന സംഭവ സ്ഥലത്തുണ്ടായിരുന്നയാള്‍ വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രതിയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാള്‍ അപകടസ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ പരിധിയില്‍ മൂന്നു മണിക്കൂര്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ വിമാനത്താവളം വഴി നിരവധി തവണ സ്വര്‍ണം കടത്തിയ കേസുകളിലെ മുഖ്യ ആസൂത്രകനാണെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കുറച്ച്‌പേരെ കണ്ടു എന്ന കലാഭവന്‍ സോബിയുടെ മൊഴിയാണ് ഇവിടെ നിര്‍ണായകമായത്. മാത്രമല്ല സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുളളവരുടെ ഫോട്ടോ കാണിച്ചതില്‍ നിന്ന് കൃത്യമായി അയാളെ സോബി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഇതുവരെ 25 കിലോ സ്വര്‍ണവുമായി കടന്നു കളഞ്ഞയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത് .തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കഴക്കൂട്ടത്ത് വച്ച് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു .ബാലഭാസ്‌കറും കുഞ്ഞും അപകടത്തില്‍ മരിച്ചു .ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരിക്കുകളോടെ രക്ഷപ്പെട്ടു .അപകടത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് സി ബി ഐ അന്വേഷിക്കുന്നത് .

Back to top button
error: