Uncategorized

ഉമ്പര്‍ട്ടൊ എക്കൊ ഇന്ത്യയ്ക്ക് നല്‍കിയ ഉരകല്ലുകള്‍

അടുത്തിടെ അന്തരിച്ച ഉമ്പെര്‍ട്ടോ എക്കോ എന്ന ബഹുമുഖപ്രതിഭയായ ഇറ്റലിക്കാരനെ നമ്മള്‍ മലയാളികള്‍ ഇന്ന് ഓര്‍ക്കുന്നത് ഒരുപക്ഷേ നോവലിസ്റ്റ്, ഉപന്യാസകാരന്‍, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം നല്കിയ സമഗ്രമായ സംഭാവനകളിലുപരി ‘അനശ്വരഫാസിസം’എന്ന ഒരു ലേഖനത്തിന്റെ പേരിലായിരിക്കും. ‘ഫൂക്കോസ് പെന്‍ഡുലം’ ഉള്‍പ്പെടെയുള്ള വിഖ്യാത നോവലുകളും സാഹിത്യ വിമര്‍ശനവും കൂടാതെ മധ്യകാല സൗന്ദര്യശാസ്ത്രം, മാധ്യമസംസ്‌കാരം, സെമിയോട്ടിക്‌സ്, നരവംശ ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ആ വന്‍രചനാപ്രപഞ്ചത്തില്‍ നിന്ന് ഈയൊരു ലേഖനം എങ്ങനെ നമ്മെ സംബന്ധിച്ചിടത്തോളം വേറിട്ട പ്രസക്തിയുള്ള ഒന്നായി മാറി? നമ്മുടെ വര്‍ത്തമാന സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ അവസ്ഥകളിലേക്ക് പ്രവചനാത്മകമായ ഒരുള്‍കാഴ്ചയാവുന്നു അത് എന്നത് കൊണ്ട് തന്നെ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ അടിമുടി നിറഞ്ഞുനില്ക്കുന്ന ഒരു വിഷയം, കേവലം വിഷയത്തിലുപരി ഒരുപക്ഷേ ഒരു രാഷ്ട്രീയ ആശങ്ക ‘ഫാസിസം’ആയിരിക്കും. ഈ ചെറിയ കാലഘട്ടത്തിനുള്ളില്‍ നിരവധി ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രതിരോധസംഗമങ്ങള്‍ ഒക്കെ സംഘടിപ്പിക്കപ്പെട്ടു. ലേഖനങ്ങളും, പുസ്തകങ്ങള്‍ തന്നെയും രചിക്കപ്പെട്ടു. കലാകാരി/രന്മാരും, ബുദ്ധിജീവികളും, സാംസ്‌കാരിക നായികാനായകന്മാരും പ്രത്യക്ഷവും പ്രതീകാത്മകവുമായ വ്യത്യസ്ത ഇടപെടലുകളിലൂടെ സജീവമായി. പക്ഷേ അപ്പോഴും സമഗ്രമായ ഒരു സാംസ്‌കാരിക പ്രതിരോധത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള ഈ ഉണര്‍വ് ഇത്തിരി വൈകിപ്പോയില്ലേ എന്നൊരു ചോദ്യം ബാക്കിയാവുന്നു. അത് നമ്മോട് ചോദിക്കുന്നു എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം 1965ല്‍ ഉമ്പര്‍ട്ടോ എക്കോ എഴുതിയ ആ ലേഖനത്തിന്റെ വര്‍ത്തമാന പ്രസക്തിയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close