Special

16 കോടിക്ക് കൈമാറിയ ഭൂമിയിലും അവകാശം വേണമെന്ന് ബീനാ കണ്ണന്റെ പുതിയ ധാര്‍ഷ്ട്യം; കളക്ടറും സര്‍ക്കാരും ശീമാട്ടിക്ക് കുഴലൂതുമ്പോള്‍ ഇഴയുന്നത് കൊച്ചി മെട്രോ

കൊച്ചി: മെട്രോ നിര്‍മ്മാണത്തിനായി വിട്ടുനല്‍കിയ എംജി റോഡിലെ ശീമാട്ടിയുടെ ഭൂമിയില്‍ കൂടുതല്‍ അവകാശങ്ങള്‍ ഉന്നയിച്ച് ബീനാ കണ്ണന്‍. മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതല്ലാതെ മറ്റൊരു പദ്ധതിയും ശീമാട്ടി വിട്ടുനല്‍കുന്ന പ്രദേശത്ത് പാടില്ലെന്നാണ് ബീനാ കണ്ണന്റെ വാദം. കെഎംആര്‍എല്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാലും മറ്റൊരു പരിപാടിയോ സംരംഭമോ ഇവിടെ പാടില്ലെന്നാണ് ശീമാട്ടി മുന്നോട്ട് വെയ്ക്കുന്ന പുതിയ ആവശ്യം. 32 സെന്റ് ഭൂമി ഒരു സെന്റിന് 52 ലക്ഷം എന്ന നിരക്കില്‍ 16.5 കോടി രൂപയ്ക്ക് സര്‍ക്കാരിന് വിട്ടുനല്‍കാനുള്ള കരാറില്‍ ഉടമ ബീനാ കണ്ണന്‍ ഒപ്പുവെച്ചിട്ടുള്ളതാണ്. ഇതിന്റെ 80 ശതമാനം തുകയും, ഏകദേശം 13 കോടിയോളം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നിട്ടും കെഎംആര്‍എല്ലുമായി ഇടഞ്ഞ് നില്‍ക്കുകയാണിവര്‍. സെന്റിന് 80 ലക്ഷം രൂപവെച്ച് ലഭിക്കണമെന്ന ആവശ്യവും ശീമാട്ടി ഉന്നയിക്കുന്നു. മറ്റ് സ്ഥല ഉടമകളെല്ലാം 52 ലക്ഷം രൂപയ്ക്ക് സ്വന്തം ഭൂമി വിട്ടു നല്‍കുമ്പോള്‍ ബീന കണ്ണന്റെ ഭൂമിയ്ക്ക് മാത്രം 80 ലക്ഷം നല്‍കാനുള്ള നീക്കവും ജില്ലാ ഭരണ കൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറില്‍ സെന്റിന് 80 ലക്ഷം രൂപയ്ക്ക് ഉടമയ്ക്ക് അവകാശമുണ്ടെന്ന പ്രത്യേക വ്യവസ്ഥയും കളക്ടര്‍ എം.ജി രാജമാണിക്യം ചേര്‍ത്തിട്ടുണ്ട്. മറ്റ് 400ല്‍ അധികം വരുന്ന സ്ഥല ഉടമകളുമായി ഉണ്ടാക്കിയ കരാറില്‍ നിന്ന് വിഭിന്നമാണ് ഇത്. അധികവില ആവശ്യപ്പെട്ട് ബീനാ കണ്ണന്‍ കോടതിയെ സമീപിച്ചാല്‍ ശീമാട്ടിക്ക് സഹായകരമാകും കളക്ടറുടെ ഈ നിലപാടും വ്യവസ്ഥയും.

പൊന്നും വിലയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ ഭൂമിയില്‍ അധിക വില വേണമെന്ന് മാത്രമല്ല, സ്ഥലം വിറ്റു കഴിഞ്ഞാലും അവിടെ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നതും ശീമാട്ടിയായിരിക്കുമെന്നതാണ് ഉടമയുടെ നയം. പ്രദേശത്ത് പ്രവേശനത്തിനുള്ള അനുവാദം വേണമെന്നും ശീമാട്ടി ആഗ്രഹിക്കുന്നു. ഈ പേടിപ്പിക്കലിന് നിന്ന് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കെഎംആര്‍എലിന്. സ്ഥലം പണം കൊടുത്ത് വാങ്ങിയാല്‍ അവിടെ എന്ത് ചെയ്യണമെന്ന് സ്വാഭാവികമായും തീരുമാനിക്കേണ്ടത് കെഎംആര്‍എല്‍ ആണ്. മെട്രോ റെയില്‍ ലാഭകരമാക്കാന്‍ പറ്റിയ പദ്ധതികള്‍ ഏറ്റെടുത്ത സ്ഥലത്ത് നടത്തുമെന്ന് മാത്രമല്ല സുരക്ഷ കാരണങ്ങളുടെ ഭാഗമായി കെഎംആര്‍എലിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ആരേയും പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് കെഎംആര്‍എല്‍ നിലപാട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close